വനിതാ ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; 51 കോടി രൂപ നൽകും
ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 51 കോടി രൂപ നൽകുമെന്ന് ബിസിസിഐ അറിയിച്ചു. ടൂർണമെന്റ് ജേതാക്കളായതിൽ നിന്ന് 39.78 കോടി രൂപയാണ് പ്രൈസ് മണിയായി ഐസിസി നൽകുന്നത്.
ഇന്നലെ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി ലോക കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298 റൺസാണ് എടുത്തത്. 299 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് സെഞ്ച്വറിയുമായി(101) മുന്നിൽ നിന്ന് നയിച്ചെങ്കിലും ടീമിനെ വിജയതീരത്ത് എത്തിക്കാനായില്ല. 5 വിക്കറ്റ് നേടിയ ദീപ്തി ശർമയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഷഫാലി വർമ രണ്ടും ശ്രീ ചരണി ഒരു വിക്കറ്റുമെടുത്തു
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷഫാലി വർമ 87 റൺസെടുത്തു. ഷഫാലിയാണ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ദീപ്തി ശർമ 58 റൺസുമെടുത്തു. ദീപ്തി പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടി. സ്മൃതി മന്ദാന 45 റൺസും റിച്ച ഘോഷ് 34 റൺസും ജമീമ റോഡ്രിഗ്‌സ് 24 റൺസുമെടുത്തു.
