ഏഷ്യാ കപ്പ് ട്രോഫി കൈമാറണമെന്ന് ബിസിസിഐ; ഇന്ത്യൻ നായകൻ ഓഫീസിൽ വന്ന് വാങ്ങണമെന്ന് നഖ്‌വി

ഏഷ്യാ കപ്പ് ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യ ട്രോഫി നേരിട്ട് ഓഫീസിൽ വന്ന് വാങ്ങണമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി മൊഹ്‌സിൻ നഖ്‌വി. ഞായറാഴ്ച നടന്ന ഫൈനലിൽ നഖ് വിയുടെ നേതൃത്വത്തിലുള്ള എസിസി സംഘം ട്രോഫിയും മെഡലുകളുമായി കടന്നു കളഞ്ഞതിന് പിന്നാലെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു
ഏഷ്യാ കപ്പ് 2025 ട്രോഫി കൈമാറണമെന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ ആവശ്യം മൊഹ്‌സിൻ നഖ്‌വി നിരസിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ നേരിട്ടെത്തി ട്രോഫി വാങ്ങണമെന്നാണ് നഖ്‌വിയുടെ ആവശ്യം
ദുബൈയിൽ നഖ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന എസിസി യോഗത്തിലാണ് വിഷയം ഉയർന്നുവന്നത്. ട്രോഫി കൈമാറണമെന്ന് രാജീവ് ശുക്ല സമ്മർദം ചെലുത്തി. എന്നാൽ വിഷയം യോഗത്തിന്റെ അജണ്ടയിൽ ഇല്ലെന്ന് നഖ് വി പ്രതികരിച്ചു. കൂടുതൽ നിർബന്ധിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ഓഫീസിൽ വന്ന് ട്രോഫി സ്വീകരിക്കണമെന്ന് നഖ്‌വി നിലപാടെടുത്തു.
എന്നാൽ ട്രോഫി ഐസിസി ആസ്ഥാനത്തേക്ക് മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. നേരത്തെ പാക് മന്ത്രി കൂടിയായ നഖ് വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. പിന്നാലെ ട്രോഫിയുമായി നഖ്‌വിയും സംഘവും സ്റ്റേഡിയം വിടുകയായിരുന്നു.