വൈഡ് തടുത്തിട്ടു, സിംഗിൾ നൽകി ജയ്‌സ്വാളിനോട് സിക്‌സ് അടിക്കാൻ നിർദേശം; സഞ്ജുവിന് ആരാധകരുടെ കയ്യടി

ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗമേറിയ ജയങ്ങളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നലെ രാജസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 149 റൺസിൽ ഒതുങ്ങുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ രാജസ്ഥാൻ വിയർക്കുമെന്ന് കരുതിയവർക്ക് പക്ഷേ തെറ്റി. യശസ്വി ജയ്‌സ്വാളും സഞ്ജുവും അതിവേഗ സ്‌കോറിംഗുമായി പോയപ്പോൾ രാജസ്ഥാൻ കേവലം 13.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു
തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും യശസ്വി ജയ്‌സ്വാളിന് രണ്ട് റൺസ് അകലെ സെഞ്ച്വറി നഷ്ടമായിരുന്നു. പക്ഷേ ജയ്‌സ്വാളിന് സെഞ്ച്വറി തികയ്ക്കാനായി സഞ്ജു നിരവധി അവസരങ്ങളാണ് നൽകിയത്. ഇതാകട്ടെ ആരാധകഹൃദയം കവരുകയും ചെയ്തു. മത്സരം അവസാനിക്കുമ്പോൾ ജയ്‌സ്വാൾ 98 നോട്ടൗട്ട്, സഞ്ജു 48 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു.
13ാം ഓവർ തുടങ്ങുന്നതിന് മുമ്പ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസ് മാത്രമായിരുന്നു. ജയ്‌സ്വാൾ ഈ സമയം 89 റൺസിൽ നിൽക്കുകയാണ്. ആദ്യ ബോളിൽ ബൈ റൺ ജയ്‌സ്വാൾ ഓടിയെടുത്തു. രണ്ടാം പന്തിൽ സഞ്ജു സിംഗിൾ എടുത്ത് നൽകി. മൂന്നാം പന്തിൽ ജയ്‌സ്വാളിന്റെ വക ബൗണ്ടറി. നാലാം പന്ത് ഡോട്ട് ബോളായി. അഞ്ചാം പന്തിൽ ഒരു റൺസ് മാത്രം നേടാനെ ജയ്‌സ്വാളിന് സാധിച്ചുള്ളു
ആറാം പന്തിൽ സ്പിന്നർ സുയാഷ് ശർമ ലെഗ് സൈഡിൽ വൈഡ് ഫോർ എറിഞ്ഞ് കളി അവസാനിപ്പിക്കാനും ഇതുവഴി ജയ്‌സ്വാളിന് സെഞ്ച്വറി നിഷേധിക്കാനും പദ്ധതിയിട്ടു. എന്നാൽ ലെഗ് സ്റ്റംപിന് പുറത്തേക്ക് ഇറങ്ങി നിന്ന സഞ്ജു ഈ പന്ത് ക്രിസിന് അരികിൽ തന്നെ മുട്ടിയിട്ടു. തുടർന്ന് അടുത്ത ഓവറിൽ സിക്‌സർ അടിച്ച് സെഞ്ച്വറി പൂർത്തിയാക്കാനും മത്സരം ഫിനിഷ് ചെയ്യാനും ജയ്‌സ്വാളിനോട് ആംഗ്യം കാണിച്ചു.
14ാം ഓവർ തുടങ്ങുമ്പോൾ രാജസ്ഥാന് ജയിക്കാൻ വേണ്ടത് വെറും 3 റൺസ്. ജയ്‌സ്വാൾ 94 നോട്ടൗട്ട്. സിക്‌സ് അടിച്ചാൽ വിജയലക്ഷ്യത്തിലേക്കും സെഞ്ച്വറിയിലേക്കും ഒന്നിച്ചെത്താം. പക്ഷേ ബൗണ്ടറിയോടെ മത്സരം ഫിനിഷ് ചെയ്യാനെ ജയ്‌സ്വാളിന് സാധിച്ചുള്ളു. മത്സരം വിജയിച്ചെങ്കിലും രണ്ട് റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. ജയ്‌സ്വാളിന് സെഞ്ച്വറി ലഭിക്കാനായി എല്ലാ ശ്രമവും നടത്തിയ സഞ്ജുവിനെ പ്രകീർത്തിക്കുകയായിരുന്നു അപ്പോൾ കമന്റേറ്റർമാരും ആരാധകരും.