ലോകകപ്പ് ട്രോഫി 'സ്വന്തമാക്കിയ' ഒരേയൊരു രാജ്യം ബ്രസീൽ! അപ്പോൾ ബാക്കിയുള്ളവരോ? ഇതാണ് ആ കഥ...
ഭൂഗോളം ഒരു പന്തിലേക്ക് ചുരുങ്ങുന്നത് ആസ്വദിക്കുന്ന ഓരോ രാജ്യക്കാരന്റേയും സ്വപ്‌നമാണ് ഫിഫ ലോകകപ്പ് ട്രോഫി സ്വന്തമാക്കുക എന്നത്. എന്നാൽ 1930 മുതലുള്ള ചരിത്രം പരിശോധിച്ചാൽ, വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രമേ ആ ഭാഗ്യം ലഭിച്ചിട്ടുള്ളു. ട്രോഫിയുടെ വലിപ്പമോ വിലയോ മാത്രമല്ല അതിന്റെ മൂല്യം എന്ന് എല്ലാവർക്കും അറിയാം. എന്നാലും ആ ട്രോഫിയെ കുറിച്ചുള്ളത് വല്ലാത്ത ഒരു കഥയാണ്.
ജൂൾസ് റിമെ ട്രോഫി
ലോകകപ്പിന്റെ തുടക്കകാലത്ത് നൽകിയിരുന്ന ട്രോഫിയായിരുന്നു ഇത്. ഗ്രീക്ക് വിജയ ദേവതയായ നൈക്കി, ഒരു സ്വർണ പാത്രം ഇരുകൈകളിലുമായി ഉയർത്തി നിൽക്കുന്ന ശിൽപമായിരുന്നു ഇത്. ഫ്രഞ്ചുകാരനായ ആബേൽ ലാഫ്‌ലൂർ ആയിരുന്നു രൂപകൽപന ചെയ്തത്.
വെള്ളിയിൽ സ്വർണം പൂശിയ ഈ ട്രോഫി ആദ്യം അറിയപ്പെട്ടിരുന്നത് വിക്ടറി ട്രോഫി എന്നായിരുന്നു. ഫിഫ പ്രസിഡന്റ് ആയിരുന്ന ജൂൾസ് റിമയെ ആദരിക്കുന്നതിന്റെ ഭാഗമായി പിന്നീട്, ജൂൾസ് റിമെ ട്രോഫി എന്ന് പുനർനാമകരണം ചെയ്തു. 1946 ൽ ആയിരുന്നു ഈ സംഭവം.
രസകരമായ കഥകൾ
രണ്ടാം ലോക മഹായുദ്ധകാലം, ലോകം മുഴുവൻ ആശങ്കയിൽ ആയിരുന്നു. ഹിറ്റ്ലറുടെ ജർമൻ പടയുടെ താണ്ഡവമായിരുന്ന കാലത്ത്, ഈ ലോകകപ്പ് ട്രോഫി മോഷ്ടിക്കപ്പെടുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. റോമിലെ ഒരു ബാങ്ക് ലോക്കറിൽ ആയിരുന്നു ട്രോഫി സൂക്ഷിച്ചിരുന്നത്.
യുദ്ധകാലത്ത് ഈ അമൂല്യ ട്രോഫി മോഷ്ടിക്കപ്പെടുമോ എന്ന ആശങ്ക അന്നത്തെ ഫിഫ വൈസ് പ്രസിഡന്റ് ആയിരുന്ന ഒട്ടോറിനോ ബരാസിയ്ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒടുവിൽ അദ്ദേഹം തന്നെ അതിന് ഒരു പരിഹാരം കണ്ടെത്തി. തന്റെ കട്ടിലിന് കീഴെ, ഷൂസ് സൂക്ഷിക്കുന്ന ഒരു പെട്ടിയിൽ ആയിരുന്നു ലോകം ആദരവോടെ മാത്രം കണ്ടിരുന്ന ആ ട്രോഫി അദ്ദേഹം രഹസ്യമായി സൂക്ഷിച്ചത്.
മോഷ്ടിക്കപ്പെട്ട ട്രോഫി
വിലയേറിയ വസ്തുക്കൾ മോഷ്ടിക്കപ്പെടുക എന്നത് ലോകത്ത് ഒരു പുതിയ സംഭവമേ അല്ല. വിഖ്യാതമായ പെയിന്റിങ്ങുകളും പുരാവസ്തുക്കളും രത്‌നങ്ങളും വജ്രങ്ങളും വരെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരിക്കൽ ഈ ജൂൾസ് റിമെ ട്രോഫിയും മോഷ്ടിക്കപ്പെട്ടു.
ലണ്ടനിലെ ഒരു പ്രദർശനത്തിനിടെ 1966 ൽ ആയിരുന്നു ലോകകപ്പ് ട്രോഫി മോഷ്ടിക്കപ്പെട്ടത്. ലോകമെങ്ങും ഫുട്‌ബോൾ പ്രേമികൾ തരിച്ചിരുന്നുപോയി. ട്രോഫിക്കായി വ്യാപകമായ അന്വേഷണവും തുടങ്ങി. ഒടുവിൽ പിക്ലിസ് എന്ന് പേരുള്ള ഒരു വളർത്തുനായയാണ് ഈ ട്രോഫി കണ്ടെത്തിയത്, അതും ലണ്ടനിലെ ഒരു തോട്ടത്തിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ!!!
ബ്രസീലിന് മാത്രം സ്വന്തം
ലോകകപ്പ് ട്രോഫി സ്വന്തം ഷെൽഫിൽ വയ്ക്കാൻ ഭാഗ്യമുണ്ടായ ഒരേയൊരു രാജ്യമേ ഉള്ളു. അത് ബ്രസീൽ ആണ്. അന്നത്തെ ഫിഫ നിയമ പ്രകാരം, മൂന്ന് തവണ ലോകകപ്പ് സ്വന്തമാക്കിയ രാജ്യത്തിന് അവകാശപ്പെട്ടതായിരുന്നു ജൂൾസ് റിമെ ട്രോഫി. 1970 ൽ ബ്രസീൽ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയതോടെ ട്രോഫി ബ്രസീലിൽ എത്തി.
റിയോ ഡി ജെനീറോയിലെ ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ ആസ്ഥാനത്തായിരുന്നു ട്രോഫി സൂക്ഷിച്ചിരുന്നത്. അതും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകൾ കൊണ്ട് മറച്ച ഒരിടത്ത്. പക്ഷേ, 1982 ഡിസംബർ 19 ന് ആ ട്രോഫി മോഷണം പോയി. വ്യാപകമായ അന്വേഷണത്തിനൊടുവിൽ നാലുപേരെ പിടികൂടിയെങ്കിലും ട്രോഫി വീണ്ടെടുക്കാനായില്ല. അത് ഉരുക്കി സ്വർണ കട്ടികളാക്കി മാറ്റി എന്നായിരുന്നു കണ്ടെത്തൽ.
എന്നാൽ ഈ കഥ പലരും വിശ്വസിക്കുന്നില്ല. സ്റ്റെർലിങ് വെളളിയിൽ സ്വർണം പൂശിയതായിരുന്നു ജൂൾസ് റിമെ ട്രോഫി. അത് ഉരുക്കിയാലും അത്രമാത്രം സ്വർണമൊന്നും ലഭിക്കുകയും ഇല്ല. യഥാർത്ഥ ജൂൾസ് റിമെ ട്രോഫി ബ്ലാക്ക് മാർക്കറ്റിൽ വിൽക്കപ്പെട്ടിരിക്കാം എന്നാണ് പലരും കരുതുന്നത്. എന്തായാലും ഇതിന് പകരം, ഒരു തനിപ്പകർപ്പ് ട്രോഫി തയ്യാറാക്കി ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ ആസ്ഥാനത്ത് ഇപ്പോൾ സൂക്ഷിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ കപ്പ്
ജൂൾസ് റിമെ ട്രോഫി ബ്രസീലിന്റെ ഷോ കേസിൽ എത്തിയതോടെയാണ് 1974 ലോകകപ്പിന് വേണ്ടി പുതിയൊരു കപ്പ് നിർമിക്കാൻ ഫിഫ തീരുമാനിക്കുന്നത്. അങ്ങനെയാണ് ഇന്ന് കാണുന്ന ലോകകപ്പ് ട്രോഫി ഉണ്ടാക്കുന്നതും.
ഇറ്റാലിയൻ ശിൽപിയായ സിൽവിയോ ഗസാനിഗയാണ് ഈ ട്രോഫി രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു ഭൂഗോളത്തെ രണ്ട് മനുഷ്യരൂപങ്ങൾ ഉയർത്തിപ്പിടിച്ചുനിൽക്കുന്നതാണ് ഇപ്പോഴത്തെ കപ്പിന്റെ രൂപം.
ഉയരവും തൂക്കവും വിലയും
36.5 സെന്‌റീമീറ്റർ ആണ് നിലവിലെ ലോകകപ്പിന്റെ ഉയരം. മൊത്തം 6.175 കിലോഗ്രാം ഭാരവും ഉണ്ട്. ഒറ്റക്കൈയ്യിൽ ഈ കപ്പ് ഉയർത്തുക അത്ര എളുപ്പമല്ലെന്ന് സാരം.
ആറ് കിലോയ്ക്ക് മുകളിൽ തൂക്കമുള്ള ട്രോഫിയിൽ 4.9 കിലോഗ്രാമും സ്വർണമാണ്. 24 കാരറ്റ് തനി തങ്കമോ, 22 കാരറ്റ് സ്വർണമോ അല്ല. 18 കാരറ്റ് സ്വർണമാണ് ഇതുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ ട്രോഫിയുടെ ബേസിൽ രണ്ട് ചുറ്റ് മാലക്കൈറ്റ് എന്ന പേരുള്ള വിലകൂടിയ ഒരു ധാതുവും ഉപോഗിച്ചിട്ടുണ്ട്. 1.175 കിലോഗ്രാം തൂക്കം വരും ഇതിന്.
സ്വർണത്തിന്റേയും മാലക്കൈറ്റി്‌ന്റേയും വിപണി മൂല്യം കണക്കാക്കി വേണമെങ്കിൽ ട്രോഫിയുടെ മൊത്തം മൂല്യം എത്രയെന്ന് പറയാം. എന്നാൽ അതിനേക്കാൾ ഒക്കെ എത്രയോ മുകളിലാണ് ലോകകപ്പ് ട്രോഫിയുടെ മൂല്യം.
ആർക്കും സ്വന്തമല്ല
ജൂൾസ് റിമെ ട്രോഫി ബ്രസീൽ കൊണ്ടുപോയതോടെ ഫിഫ ഇക്കാര്യത്തിൽ നിയമമാറ്റം കൊണ്ടുവന്നു. ഫിഫ ലോകകപ്പ് ട്രോഫി വിജയിക്കുന്ന രാജ്യത്തിന് കൊണ്ടുപോകാൻ സാധിക്കില്ല. ഫൈനൽ മത്സരത്തിൽ വിജയികൾക്ക് സമ്മാനിക്കും, അവർക്ക് അത് ഉയർത്തുകയും അതിൽ മുത്തമിടുകയും ഒപ്പം ഫോട്ടോയെടുക്കുകയും ഒക്കെ ചെയ്യാം.
പക്ഷേ,. അതിന് ശേഷം ഫിഫ ആ ട്രോഫി തിരികെ വാങ്ങും. പകരം സ്വർണം പൂശിയ, ഒരു വെങ്കല ട്രോഫി, ലോകകപ്പ് ട്രോഫിയുടെ പകർപ്പായി വിജയരാജ്യത്തിന് നൽകും. അത് അവർക്ക് കൊണ്ടുപോകാം. യഥാർത്ഥ ട്രോഫി സ്വിറ്റ്‌സർലാൻഡിലെ ഫിഫ മ്യൂസിയത്തിൽ തിരികെ എത്തിച്ച് സൂക്ഷിക്കും.
ഇനി എത്രനാൾ
1974 മുതൽ ഉള്ള ട്രോഫി എത്രനാൾ കൂടി തുടരും എന്നതും ഫുട്‌ബോൾ ലോകത്തെ വലിയ ചർച്ചയാണ്. ട്രോഫി ഉണ്ടാക്കിയ കാലം മുതൽ, വിജയികളുടെ പേരുകൾ അടിയിൽ കൊത്തിവയ്ക്കാറുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ 2038 ലെ ലോകകപ്പ് വിജയികളുടെ വരെ പേര് കൊത്തിവയ്ക്കാനുള്ള സ്ഥലം ട്രോഫിയിൽ അവശേഷിക്കുന്നുണ്ട്. ഒരുപക്ഷേ, 2038 ന് ശേഷം ഫിഫ പുതിയൊരു ലോകകപ്പ് ട്രോഫി അവതരിപ്പിച്ചേക്കാം.
