ബുമ്രക്ക് 6 വിക്കറ്റ്, ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 253ന് പുറത്ത്; ഇന്ത്യക്ക് 143 റൺസിന്റെ ലീഡ്

bumra

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് നിർണായകമായ 143 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 396 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 253 റൺസിന് പുറത്തായി. ഇതോടെ 143 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ആറ് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്

നല്ല തുടക്കം ലഭിച്ചിട്ടും ഇംഗ്ലണ്ടിന് മുതലാക്കാൻ സാധിക്കാതെ പോയി. 76 റൺസെടുത്ത സാക്ക് ക്രൗളിയാണ് ഇംഗ്ലീഷ് ടോപ് സ്‌കോറർ. ബെൻ സ്‌റ്റോക്‌സ് 47 റൺസും ജോണി ബെയിർസ്‌റ്റോ 25 റൺസുമെടുത്തു. ബെൻ ഡക്കറ്റ് 21 റൺസിനും ടോം ഹാർഡ്ടി 21 റൺസിനും വീണു. ഒലി പോപ് 23 റൺസെടുത്തു. 

ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. അക്‌സർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ മൂന്ന് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 11 റൺസ് എന്ന നിലയിലാണ്. മൂന്ന് റൺസുമായി ജയ്‌സ്വാളും 8 റൺസുമായി രോഹിതുമാണ് ക്രീസിൽ
 

Share this story