ബലാത്സംഗക്കേസ്: ഘാന താരം തോമസ് പാർട്ടിക്ക് വിസ നിഷേധിച്ച് കാനഡ; ലോകകപ്പ് ആദ്യ മത്സരം നഷ്ടമാകും

Khana

ടൊറന്റോ: യുകെയിലെ ബലാത്സംഗ, ലൈംഗിക പീഡന കേസുകളുമായി ബന്ധപ്പെട്ട് ഘാനയുടെ സൂപ്പർ താരം തോമസ് പാർട്ടിക്ക് ഫിഫ ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും. ടൊറന്റോയിൽ നടക്കുന്ന പനാമയ്‌ക്കെതിരെയുള്ള ഘാനയുടെ ആദ്യ മത്സരത്തിനായി കാനഡയിലേക്ക് കടക്കാനുള്ള താരത്തിന്റെ വിസ അപേക്ഷ കനേഡിയൻ സർക്കാർ നിരസിച്ചതായി ഫിഫ സ്ഥിരീകരിച്ചു.

​നിലവിൽ യു.എസിലെ ബോസ്റ്റണിലുള്ള ഘാനയുടെ പരിശീലന ക്യാമ്പിലുള്ള താരത്തിന് അവിടെ നിന്നും കാനഡയിലേക്ക് യാത്ര തിരിക്കാൻ സാധിക്കില്ലെന്ന് ഫിഫ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആതിഥേയ രാജ്യങ്ങളുടെ വിസ, ഇമിഗ്രേഷൻ നിയമങ്ങളിൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്നും വിസ അനുവദിക്കണമോ വേണ്ടയോ എന്നത് പൂർണ്ണമായും കനേഡിയൻ സർക്കാരിന്റെ തീരുമാനമാണെന്നും ഫിഫ കൂട്ടിച്ചേർത്തു.

​മുൻ ആഴ്സണൽ താരവും നിലവിൽ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്റെ മിഡ്ഫീൽഡറുമായ 32-കാരനായ തോമസ് പാർട്ടിക്കെതിരെ നാല് സ്ത്രീകളുടെ പരാതിയിൽ ഏഴ് ബലാത്സംഗ കേസുകളും ഒരു ലൈംഗിക അതിക്രമ കേസുമാണ് യുണൈറ്റഡ് കിംഗ്ഡത്തിൽ നിലവിലുള്ളത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ താരം നിഷേധിച്ചിട്ടുണ്ട്. കേസിൽ ജാമ്യത്തിലുള്ള പാർട്ടിക്ക് ലോകകപ്പ് ടീമിൽ ഇടം നൽകിയതിനെ ഘാന പരിശീലകൻ കാർലോസ് ക്വിറോസ് മുൻപ് ന്യായീകരിച്ചിരുന്നു.

​കാനഡയിൽ പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിലെ ബാക്കി മത്സരങ്ങൾ അമേരിക്കയിൽ വെച്ചായതിനാൽ പാർട്ടിക്ക് ഘാന ടീമിനൊപ്പം ചേരാൻ സാധിക്കും. ജൂൺ 23-ന് ബോസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെയും ജൂൺ 27-ന് ഫിലാഡൽഫിയയിൽ ക്രോയേഷ്യക്കെതിരെയുമുള്ള മത്സരങ്ങളിൽ തോമസ് പാർട്ടി കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags

Share this story