രോഹിതിന് സെഞ്ച്വറി, ജഡേജക്കും അക്‌സറിനും അർധ സെഞ്ച്വറി; രണ്ടാം ദിനം കളറാക്കി ഇന്ത്യ

jadeja

നാഗ്പൂർ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് നിലവിൽ 144 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 177 റൺസിന് പുറത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ സെഞ്ച്വറി നേടിയപ്പോൾ രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവർ അർധ സെഞ്ച്വറി നേടി

ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. സ്‌കോർ 118ൽ ഇന്ത്യക്ക് 23 റൺസെടുത്ത അശ്വിനെ നഷ്ടമായി. പിന്നീട് ഇന്ത്യൻ വിക്കറ്റുകൾ ഒരു വശത്ത് വീണുകൊണ്ടിരുന്നു. മറുവശത്ത് രോഹിത് ശർമയാകട്ടെ സ്‌കോർ ഉയർത്തുകയും. ഒരു ഘട്ടത്തിൽ ഇന്ത്യ 5ന് 168 എന്ന നിലയിലേക്ക് വീണിരുന്നു. 

പൂജാര 7 റൺസിനും കോഹ്ലി 12 റൺസിനും സൂര്യകുമാർ യാദവ് 8 റൺസിനും പുറത്തായി. ശ്രീകർ ഭരത് എട്ട് റൺസെടുത്തു. ഇതിനിടയിൽ രോഹിത് ശർമ സെഞ്ച്വറി തികച്ചു. 212 പന്തിൽ രണ്ട് സിക്‌സും 15 ഫോറും സഹിതം 120 റൺസായിരുന്നു നായകന്റെ സമ്പാദ്യം. സ്‌കോർ 229ൽ ആറാം വിക്കറ്റായാണ് രോഹിത് മടങ്ങിയത്

രോഹിതും ശ്രീകർ ഭരതും പുറത്തായതിന് പിന്നാലെ ക്രീസിലൊന്നിച്ച ജഡേജയും അക്‌സരും രണ്ടാം ദിനം കൂടുതൽ പരുക്കുകൾ കൂടാതെ മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുവരും ചേർന്ന് ഇതുവരെ എട്ടാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. കളി നിർത്തുമ്പോൾ ജഡേജ 66 റൺസുമായും അക്‌സർ 52 റൺസുമായും ക്രീസിലുണ്ട്

ഓസ്‌ട്രേലിയക്ക് വേണ്ടി ടോഡ് മർഫി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

Share this story