199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

അഭിഷേക്

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് ജയം. 199 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 13.2 ഓവറിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യക്ക് 3-0 എന്ന അപരാജിത ലീഡായി.

113 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. വെറും 38 പന്ത് മാത്രം നേരിട്ട അഭിഷേക് ഒമ്പത് ഫോറും പതിനൊന്ന് സിക്സുമാണ് പറത്തിയത്. 15 പന്തിൽ അർധ സെഞ്ചുറി നേടിയ അഭിഷേക്, 35 പന്തിൽ സെഞ്ചുറിയും തികച്ചു. അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത കൗമാര താരം വൈഭവ് സൂര്യവംശി 19 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 45 റൺസെടുത്തു. 7.1 ഓവറിൽ 133 റൺസാണ് ഓപ്പണിങ് സഖ്യം കൂട്ടിച്ചേർത്തത്. ആറോവർ പവർ പ്ലേയിൽ മാത്രം 118 റൺസ് പിറന്നു.

മൂന്നാം നമ്പറിൽ കളിച്ച സഞ്ജു സാംസൺ 13 പന്തിൽ 18 റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യരുടെ (5) രൂപത്തിലാണ് ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായത്. തിലക് വർമയും (1) നമൻ ധീറും (4) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആതിഥേയർ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്.

രണ്ട് റൺസെടുത്ത ഓപ്പണർ ടിം സീഫർട്ടിന് അർഷ്‌ദീപ് സിങ് രണ്ടാം ഓവറിൽ തന്നെ പറഞ്ഞയച്ചെങ്കിലും ഫിൻ അലനും ഡാരിൽ മിച്ചലും ചേർന്ന് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. 25 പന്തിൽ 40 റൺസെടുത്ത അലനെ നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്താക്കിയത്. അതിനകം രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 86 റൺസ് പിറന്നിരുന്നു. വലിയ അപകടമുണ്ടാക്കും മുൻപ് ഗ്ലെൻ ഫിലിപ്സിനെ (17) സ്വന്തം ബൗളിങ്ങിൽ പിടിച്ച് പുറത്താക്കാൻ അക്ഷർ പട്ടേലിനും സാധിച്ചു.‌

എന്നാൽ, ഒരറ്റത്ത് ആക്രമണം തുടർന്ന ഡാരിൽ മിച്ചലിന് മറുവശത്ത് ബെവൺ ജേക്കബ്സിന്‍റെ പിന്തുണ കിട്ടി. ഈ സഖ്യം ടോപ് ഗിയറിലെത്താൻ അൽപ്പം വൈകിയതാണ് സ്കോർ ഈ നിലയിൽ ഒതുക്കി നിർത്താൻ ഇന്ത്യയെ സഹായിച്ചത്. 52 പന്ത് നേരിട്ട മിച്ചൽ അഞ്ച് വീതം ഫോറും സിക്സും സഹിതം 89 റൺസെടുത്ത് പുറത്താകാതെ നിന്നു.

മൂന്ന് മാറ്റങ്ങളുമായാണ് ന്യൂസിലൻഡ് കളിക്കാനിറങ്ങിയത്. നേഥൻ സ്മിത്ത്, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ എന്നിവർക്കു പകരം ആഡം മിൽനി, കൈൽ ജാമീസൺ, മാത്യു ഫിഷർ എന്നിവർ ടീമിലെത്തി. രണ്ടാം മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

നാലുവർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത‍്യൻ ടീമിൽ തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിന് ഇത്തവണയും ഫോം കണ്ടെത്താനായില്ല. ആദ‍്യ ഓവർ നാലു റൺസ് മാത്രം വിട്ടുകൊടുത്ത് മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും രണ്ടാം ഓവറിൽ 2 സിക്സ് അടക്കം 16 റൺസാണ് വഴങ്ങിയത്. 130 കിലോമീറ്റർ വേഗം പോലും കണ്ടെത്താൻ സാധിക്കാത്ത ഭുവനേശ്വറിനെതിരേ ബാറ്റർമാർക്ക് കൂടുതൽ സമയമെടുത്ത് കളിക്കാൻ സാധിക്കുന്നുണ്ട്. മൂന്നാം ഓവറിൽ ഭുവനേശ്വറിനെതിരേ രണ്ട് ബൗണ്ടറി അടക്കം 12 റൺസാണ് ന‍്യൂസിലൻഡ് ബാറ്റർമാർ അടിച്ചെടുത്തത്. നാലാം ഓവറിലും 9 റൺസ് വഴങ്ങിയതോടെ 10 ബൗളിങ് ഇക്കോണമിയിൽ മൊത്തം 40 റൺസ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും വീഴ്ത്താനും കഴിഞ്ഞില്ല. പരമ്പരയിലെ മൂന്നു മത്സരങ്ങളിലായി ആകെ ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്.

Tags

Share this story