ചെന്നൈ ഒടുവില്‍ ജയം നേടി, ബാംഗ്ലൂരിനെ 8 വിക്കറ്റിന് വീഴ്ത്തി, തിളങ്ങിയത് യുവതാരങ്ങള്‍

ചെന്നൈ ഒടുവില്‍ ജയം നേടി, ബാംഗ്ലൂരിനെ 8 വിക്കറ്റിന് വീഴ്ത്തി, തിളങ്ങിയത് യുവതാരങ്ങള്‍

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട്് വിക്കറ്റ് ജയം. നാണക്കേടിന്റെ വക്കില്‍ നില്‍ക്കുന്ന ടീമിന് ജയം അത്യാവശ്യമായിരുന്നു. മികച്ച ബൗളിംഗും ബാറ്റിംഗും പുറത്തെടുത്താണ് ചെന്നൈ വിജയം നേടിയത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. റിതുരാജ് ഗെയ്ക്ക്വാദിന്റെ അര്‍ധ സെഞ്ച്വറി അവര്‍ക്ക് കരുത്തേകി. 51 പന്തില്‍ 65 റണ്‍സുമായി ഗെയ്ക്ക്വാദ് പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്‌സറും ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഡുപ്ലെസിയുമായി ഓപ്പണിംഗ് വിക്കറ്റില്‍ 46 റണ്‍സ് ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തിരുന്നു.

പിന്നീട് വന്നവരും അതിനൊത്ത പ്രകടനമാണ് നടത്തിയത്. 27 പന്തില്‍ 39 റണ്‍സടിച്ച് റായിഡുവും സ്‌കോര്‍ വേഗത്തിലാക്കി. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് റായിഡുവും-ഗെയ്ക്ക്വാദും തമ്മില്‍ ഉണ്ടാക്കിയത്. അതിന് ശേഷമെത്തിയ മഹേന്ദ്ര സിംഗ് ധോണി 21 പന്തില്‍ 19 റണ്‍സെടുത്ത് ഗെയ്ക്ക്വാദിനൊപ്പം നിന്ന് ജയം ഉറപ്പിച്ചു. മൂന്ന് ബൗണ്ടറി ധോണി അടിച്ചു. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഒരിക്കല്‍ പോലും ചെന്നൈ പതറിയില്ല. സമയമെടുത്ത് കളിച്ചും, ആക്രമിക്കേണ്ടവരെ ആക്രമിച്ചുമാണ് ടീം ജയം നേടിയത്. നേരത്തെയുള്ള കളികളില്‍ ഇത് ചെന്നൈയില്‍ നിന്ന് മിസ്സായിരുന്നു.

നേരത്തെ മാനം കാക്കാന്‍ ജയം തേടിയിറങ്ങിയ ചെന്നൈ മികച്ച ബൗളിംഗും ഫീല്‍ഡിംഗുമാണ് കാഴ്ച്ചവെച്ചത്. വളരെ വേഗം കുറഞ്ഞ പിച്ചില്‍ പിടിച്ച് നില്‍ക്കാന്‍ ബാംഗ്ലൂരിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. അതിനേക്കാള്‍ പ്രശ്‌നമായത് വമ്പന്‍ ഷോട്ടുകള്‍ വരുന്നില്ല എന്നതായിരുന്നു. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇസിരു ഉഡാനയ്ക്ക് പകരം മോയിന്‍ അലി ആര്‍സിബിയി നിരയില്‍ ഇടംപിടിച്ചു. സിഎസ്‌കെ നിരയില്‍ മിച്ചല്‍ സാന്റ്‌നറും മോനു കുമാറും ഇറങ്ങി. ഷാര്‍ദുല്‍ താക്കൂറും ജോഷ് ഹാസെല്‍വുഡും പുറത്തിരുന്നു.

ദേവദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തുടക്കത്തില്‍ മെല്ലെയാണ് കളിച്ചത്. അധികം വൈകാതെ തന്നെ ഫിഞ്ചിനെ കറന്‍ മടക്കി. 11 പന്തില്‍ 15 റണ്‍സായിരുന്നു സമ്പാദ്യം. ദേവദത്ത് പിന്നീട് കോലിക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അധികം മുന്നോട്ട് പോയില്ല. ദേവദത്തിനെ ഗംഭീരമായൊരു ക്യാച്ചിലാണ് സിഎസ്‌കെ പുറത്താക്കി. മികച്ച ക്യാച്ചെടുത്ത ഡുപ്ലെസി ബൗണ്ടറി ലൈനില്‍ കാല് കുത്തും മുമ്പ് ഗെയ്ക്വാദിന് പന്ത് എറിഞ്ഞ് കൊടുക്കുകയായിരുന്നു. ദേവദത്ത് 21 പന്തില്‍ രണ്ട് ബൗണ്ടറിയുടെയും ഒരു സിക്‌സറിന്റെയും സഹായത്തോടെ 22 റണ്‍സെടുത്തു.

പിന്നീടാണ് വിരാട് കോലിയും എബി ഡിവില്യേഴ്‌സും കൂടി പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ നയിച്ചത്. കോലി വീണ്ടും അര്‍ധ സെഞ്ച്വറി കുറിച്ചു. പക്ഷേ ഇന്നിംഗ്‌സിന് വേഗമില്ലായിരുന്നു. 43 പന്തില്‍ 50 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഡിവില്യേഴ്‌സ് 36 പന്തില്‍ 39 റണ്‍സെടുത്തു. എന്നാല്‍ ഡിവില്യേഴ്‌സിന് തനത് ശൈലിയില്‍ കളിക്കാനായില്ല. ഇവര്‍ രണ്ട് പേരും ഒഴിച്ച് ബാക്കിയുള്ളവര്‍ പരാജയമായി. മൂന്ന് വിക്കറ്റെടുത്ത സാം കറന്‍ മത്സരത്തില്‍ ഗംഭീരമായി പന്തെറിഞ്ഞു. ദീപക് ചാഹറിന് രണ്ടും സാന്റ്‌നര്‍ക്ക് ഒരു വിക്കറ്റും ലഭിച്ചു.

Share this story