പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കം

റെ ണാൾഡോ

ഇങ്ങനെയൊരാൾ ചരിത്രത്തിൽ മുൻപും ഉണ്ടായിട്ടില്ല, ഇനിയുണ്ടാകാൻ സാധ്യതയുമില്ല... ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ‌ഇതിഹാസം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമ്പോൾ നിശബ്ദമാകുന്നത്, ഇത്രകാലം സിആർ7 എന്ന പേരു മുഴങ്ങിക്കേട്ടിരുന്ന, സിയൂ വിജയാഘോഷങ്ങൾ നിറഞ്ഞു നിന്ന ഗ്യാലറികളാണ്. 23 വർഷം നീണ്ട നിന്ന ഫുട്ബോൾ യുഗം; ക്രിസ്റ്റ്യാനോയെ നെഞ്ചോടു ചേർത്ത പോർച്ചുഗലിന്‍റെ പല തലമുറകൾ.

187‌2 മുതലുള്ള അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ, ഇത്രയധികം മാച്ചുകൾ കളിച്ച മറ്റൊരു കളിക്കാരനില്ല, കരിയറിൽ ഇത്രയധികം ഗോളുകൾ നേടിയവരില്ല, ഇത്രയും അതിഗംഭീരമായൊരു ഫുട്ബോൾ പാരമ്പര്യം സ്വന്തമായി തുന്നിച്ചേർത്ത മറ്റൊരു മനുഷ്യനും ഈ ഭൂമുഖത്തില്ല.

ദേശീയ ക്യാംപിൽ നിന്ന് അപ്രതീക്ഷിതമായി മടങ്ങിപ്പോയതിനു പിന്നാലെ പോർച്ചുഗൽ ഹോർഹെ ജെസ്യൂസും റൊണാൾഡോയുമായുള്ള പിണക്കം മറ നീക്കി പുറത്തു വന്നിരുന്നു. കളിക്കളത്തിൽ ഇറക്കാതെ ദീർഘസമയം ബെഞ്ചിൽ ഇരുത്തിയതാണ് സിആർ 7നെ പ്രകോപിപ്പിച്ചത്. കോച്ചിന്‍റെ നിർദേശപ്രകാരം അദ്ദേഹം വാം ആപ് ചെയ്തിരുന്നു. അപ്പോഴെ റൊണാൾഡോ വിരമിക്കുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നുവെങ്കിലും ക്രിസ്റ്റ്യാനോ അതെല്ലാം തള്ളിക്കളഞ്ഞിരുന്നു. യഥാർഥത്തിൽ ഉണ്ടായ പ്രശ്നം വിശദമാക്കിക്കൊണ്ട് ദീർഘമായൊരു കുറിപ്പും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. എന്നാൽ അച്ചടക്കലംഘനത്തിന്‍റെ പേരിൽ പേരിനൊരു നടപടി ക്രിസ്റ്റ്യാനോക്കെതിരേ ടീം സ്വീകരിച്ചിരുന്നു. അതിനു ശേഷമാണ് ബാലൺ ഡി ഓർ ഒഫ് ഓൾടൈം അദ്ദേഹത്തെ തേടിയെത്തിയത്. തൊട്ടു പിന്നാലെ വിരമിച്ചുവെന്ന പ്രഖ്യാപനവും എത്തി.

സ്വന്തം രാജ്യത്തെക്കാൾ പതിന്മടങ്ങ് ഉയരത്തിൽ വളർന്ന, രാജ്യത്തിന്‍റെ പര്യായം തന്നെയായി മാറിയ പോർച്ചുഗൽ താരം. എന്നാൽ, ക്രിസ്റ്റ്യാനോ പോർച്ചുഗലിന്‍റെ മാത്രം താരമായിരുന്നുമില്ല. ലോകത്തിന്‍റെ ഓരോ കോണുകളിലും ക്രിസ്റ്റ്യാനോയോടുള്ള ആരാധന നിറഞ്ഞു നിന്നു. അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങളും ഏറ്റവും ഒടുവിൽ 2026ൽ ബാലൺ ഡി ഓർ ഒഫ് ഓൾടൈം പുരസ്കാരവും സ്വന്തമാക്കിയാണ് സിആർ7 മടങ്ങുന്നത്.

പോർച്ചുഗലിനു വേണ്ടി 234 തവണയാണ് ക്രിസ്റ്റ്യാനോ കളിക്കളത്തിൽ ഇറങ്ങിയത്. അന്താരാഷ്ട്ര തലത്തിൽ 146 ഗോളുകൾ... ഈ രണ്ടു കാര്യത്തിലും റൊണാൾഡോയുടെ എതിരാളിയെന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന ലയണൽ മെസി രണ്ടാം സ്ഥാനത്തു മാത്രമാണ്. 2007 മുതൽ പോർച്ചുഗലിന്‍റെ ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ. ക്രിസ്റ്റ്യാനോയ്ക്കു മുൻപും അതിനു ശേഷവുമെന്ന രീതിയിൽ പോർച്ചുഗൽ ടീമിന്‍റെ ചരിത്രം തന്നെ വിഭജിക്കപ്പെട്ടു. ക്രിസ്റ്റ്യാനോക്ക് മുൻപ് പോർച്ചുഗൽ ടീം അന്താരാഷ്ട്ര ഫുട്ബോളിൽ എടുത്തപറയാവുന്ന നേട്ടമൊന്നും സ്വന്തമാക്കിയിട്ടില്ല. ക്രിസ്റ്റ്യാനോ ബൂട്ടണിഞ്ഞ് ഒമ്പത് വർഷത്തിനുള്ളിൽ രണ്ട് യുവേഫ നാഷൻസ് ലീഗ് ട്രോഫികളും യൂറോകപ്പും ഉൾപ്പെടെ പോർച്ചുഗലിലെത്തി.

സിആർ7 ഇല്ലാതിരുന്ന കാലത്ത് പോർച്ചുഗൽ 17 തവണ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചു. യോഗ്യത നേടിയത് മൂന്നു തവണ. ക്രിസ്റ്റ്യാനോ വന്നതിനു ശേഷം മത്സരിച്ച ആറ് തവണയും ലോകകപ്പിലേക്ക് യോഗ്യത നേടി. യൂറോപ്യൻ ചാംപ്യൻഷിപ്പിലും റൊണാൾഡോ കളിക്കളത്തിലിറങ്ങിയ അഞ്ച് വട്ടവും പോർച്ചുഗൽ യോഗ്യത നേടിയിരുന്നു. യൂറോ കപ്പിൽ മുത്തമിട്ടെങ്കിലും ഫിഫ ലോകകപ്പ് എന്ന സ്വപ്നം ബാക്കി വച്ചാണ് ക്രിസ്റ്റ്യാനോ പറങ്കിക്കുപ്പായത്തോടു യാത്ര പറയുന്നത്.

നോർത്ത് അറ്റ്ലാന്‍റിക്കിനോട് ചേർന്ന മദീരയിൽ ഒരു സാധാരണ കുടുംബാന്തരീക്ഷത്തിലായിരുന്നു ക്രിസ്റ്റ്യാനോ വളർന്നത്. മൂന്നു സഹോദരങ്ങൾക്കൊപ്പം ഒരേ മുറി പങ്കിട്ട ബാല്യം. അവിടെ നിന്നാണ് ഫുട്ബോളിലെ എക്കാലത്തെയും മികച്ചവൻ എന്ന മത്സരത്തിലേക്കു വളരുന്നത്. 12ാം വയസിൽ ലിസ്ബണിലെ അക്കാഡമിയിൽ എത്തിയ, ഫുട്ബോളിനു പിന്നാലെ ഓടിയിരുന്ന അതേ കൊച്ചു പയ്യൻ പിന്നീട് ലോകത്തിലെ തന്നെ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം മുഖമായി മാറി.

2004ലാണ് ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. വെറും 19 വയസുള്ളപ്പോൾ യൂറോകപ്പിന്‍റെ ഓപ്പണിങ് മാച്ചിൽ ഗ്രീസിനെതിരേ ക്രിസ്റ്റ്യാനോ ആദ്യ ഗോൾ തൊടുത്തു. ആ ടൂർണമെന്‍റായിരുന്നു റൊണാൾഡോ എന്ന താരത്തെ ലോകത്തിനു സമ്മാനിച്ചത്. 1984നു ശേഷം ആദ്യമായാണ് ആ വർഷം പോർച്ചുഗൽ യൂറോ ഫൈനലിൽ കയറിയത്. ഇടതു വിങ്ങിൽ ആർക്കും മെരുക്കാനാകാത്ത വേഗത്തിൽ ക്രിസ്റ്റ്യാനോ പന്തുമായി കുതിച്ചു. എതിരാളികൾക്കു ചിന്തിക്കാൻ പോലുമാകാത്ത നീക്കങ്ങളിലൂടെ ഗോളുകൾ പിറന്നു. 2006ൽ വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരമാണ് ക്രിസ്റ്റ്യാനോയുടെ പ്രതിഭയെ വീണ്ടും ജ്വലിപ്പിച്ചത്. അന്ന് എക്സ്ട്രാ ടൈമും കഴിഞ്ഞ് ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ 21 വയസുള്ള ക്രിസ്റ്റ്യാനോയുടെ ഗോൾ പോർച്ചുഗലിനെ 3-1 എന്ന സ്കോറിൽ സെമിഫൈനലിൽ എത്തിച്ചു. 31ാം വയസിൽ 2016ലാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുത്തത്.

''മദീരയിലെ ആ പഴ‍യ കൊച്ചു പയ്യൻ സ്വപ്നം കണ്ടിരുന്ന ആ ജീവിതം എനിക്കു സമ്മാനിച്ചതിന് നന്ദി...'', വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ദീർഘമായ കുറിപ്പിൽ റൊണാൾഡോ കുറിക്കുന്നു.

ഇനിയുമേറെ പ്രതീക്ഷിച്ചു നിന്നവരെ നിരാശയിലാഴ്ത്തിക്കൊണ്ടാണ് മത്സരത്തിന്‍റെ പാതിയിലെന്ന പോലെ ക്രിസ്റ്റ്യാനോ മടങ്ങുന്നത്. പോർച്ചുഗലിന്‍റെയും ആരാധകരുടെയും സ്വപ്നങ്ങളിൽ ചിലത് ബാക്കിയാക്കിക്കൊണ്ടുള്ള സങ്കടകരമായ മടക്കം. 

Tags

Share this story