ഫോളോ ഓൺ ചെയ്തിട്ടും ഇംഗ്ലണ്ടിനെ ചാരമാക്കി കിവീസ്; അത്ഭുത ജയം ഒരു റൺസിന്

kiwis

വെല്ലിംഗ്ടൺ ടെസ്റ്റിൽ അത്ഭുത ജയം സ്വന്തമാക്കി ന്യൂസിലാൻഡ്. ആദ്യ ഇന്നിംഗ്‌സിൽ ഫോളോ ഓൺ ചെയ്ത ശേഷമാണ് ഇംഗ്ലണ്ടിനെ ഒരു റൺസിന് കിവീസ് പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 258 റൺസിലേക്ക് രണ്ടാമിന്നിംഗ്‌സിൽ ബാറ്റേന്തിയ ഇംഗ്ലണ്ട് 256 റൺസിന് പുറത്തായി. 75ാം ഓവറിൽ ജയിംസ് ആൻഡേഴ്‌സിനെ പുറത്താക്കി നെയ്ൽ വാഗ്നറാണ് കിവീസിന് അത്ഭുത ജയം സമ്മാനിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി

നാല് വിക്കറ്റുകൾ വീഴ്ത്തിയ വാഗ്നറും മൂന്ന് വിക്കറ്റെടുത്ത സൗത്തിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തി മാറ്റ് ഹെൻ റിയും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിക്കുമേറ്റ കനത്ത തിരിച്ചടിയായി മാറി അപ്രതീക്ഷിത തോൽവി. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ എട്ട് വിക്കറ്റിന് 435 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. കിവീസ് ഒന്നാമിന്നിംഗ്‌സിൽ 209 റൺസിന് പുറത്തായി

ഫോളോ ഓൺ വഴങ്ങേണ്ടി വന്നെങ്കിലും കിവീസ് രണ്ടാമിന്നിംഗ്‌സിൽ പക്ഷേ ചാരത്തിൽ നിന്നും പറന്നുയർന്നു വന്ന ഫീനിക്‌സ് പക്ഷിയെ പോലെയായി മാറി. 483 റൺസാണ് കിവീസ് രണ്ടാമിന്നിംഗ്‌സിൽ അടിച്ചുകൂട്ടിയത്. 132 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്‌കോറർ. ടോം ലാഥം 83 റൺസും ടോം ബ്ലൻഡൽ 90 റൺസും ഡാരിൽ മിച്ചൽ 54 റൺസും ഡിവേൺ കോൺവേ 61 റൺസുമെടുത്തു

കിവീസിനെ വേഗം പുറത്താക്കി ഇന്നിംഗ്‌സ് ജയം പ്രതീക്ഷിച്ച് നിന്ന ഇംഗ്ലണ്ടിന് നിരാശയായിരുന്നു ഫലം. 258 റൺസിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാൻഡ് മുന്നോട്ടുവെച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. 5ന് 80 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ തകർന്നിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ജോ റൂട്ടും ബെൻ സ്‌റ്റോക്‌സും ചേർന്ന് 121 റൺസിന്റെ പാർട്ണർഷിപ്പുണ്ടാക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും വിജയം മണത്തു

എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി വാഗ്നർ കിവീസിനെ കളിയിലേക്ക് തിരികെ എത്തിച്ചു. പിന്നാലെ സ്റ്റുവർട്ട് ബ്രോഡും മടങ്ങി. ബെൻ ഫോക്‌സ് 251ൽ മടങ്ങിയതോടെ ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ ഏഴ് റൺസ് വേണമെന്ന സ്ഥിതിയായി. ഒടുവിൽ വിജയലക്ഷ്യത്തിന് രണ്ട് റൺസ് അകലെ ആൻഡേഴ്‌സൺ കൂടി വീണതോടെ വിജയച്ചിരി ന്യൂസിലാൻഡിന്റേതായി മാറി. 95 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. സ്‌റ്റോക്‌സ് 33 റൺസും ഫോക്‌സ് 35 റൺസുമെടുത്തു
 

Share this story