ധവാന്റെ റെക്കോര്‍ഡ് സെഞ്ച്വറി പാഴായി; ഹാട്രിക്ക് വിജയവുമായി പഞ്ചാബ്

ധവാന്റെ റെക്കോര്‍ഡ് സെഞ്ച്വറി പാഴായി; ഹാട്രിക്ക് വിജയവുമായി പഞ്ചാബ്

ദുബായ്: ഐപിഎല്ലിലേക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശക്തമായ തിരിച്ചുവരവ് തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും വെന്നിക്കൊടി പാറിച്ച് പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊണ് പഞ്ചാബ് അഞ്ചു വിക്കറ്റിനു തുരത്തിത്. ശിഖര്‍ ധവാന്റെ (106*) റെക്കോര്‍ഡ് സെഞ്ച്വറിക്കും ഡല്‍ഹിയെ രക്ഷിക്കാനായില്ല. 165 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബ് അഞ്ചു വിക്കറ്റിന് 19 ഓവറില്‍ ലക്ഷ്യം മറികടന്നു.ഈ കളിയിലെ വിജയത്തോടെ എട്ടു പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു മുന്നേറുകയും ചെയ്തു.

നിക്കോളാസ് പൂരന്റെ (53) വെടിക്കെട്ട് സെഞ്ച്വറിയാണ് പഞ്ചാബിനു വിജയമൊരുക്കിയത്. 28 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലേക്കുയരാതിരുന്ന ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ (32) ഈ കളിയില്‍ ഫോമില്‍ മടങ്ങിയെത്തി. ക്രിസ് ഗെയ്‌ലാണ് (29) മറ്റൊരു സ്‌കോറര്‍. ദീപക് ഹൂഡയും (15*), ജെയിംസ് നീഷാമും (10*) പുറത്താവാതെ നിന്നു.

പതിവുപോലെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (15), മായങ്ക് അഗര്‍വാള്‍ (5) എന്നിവരില്‍ നിന്നും പഞ്ചാബിന് ഈ കളിയില്‍ കാര്യമായ സംഭാവന ലഭിച്ചില്ല. അനാവശ്യ സിംഗിളിനു ശ്രമിച്ച് മായങ്കിന്റെ റണ്ണൗട്ടിനു വഴിയൊരുക്കി വില്ലനായി മാറിയ പൂരന്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ഡല്‍ഹിക്കു വേണ്ടി കാഗിസോ റബാദ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി അഞ്ചു വിക്കറ്റിനാണ് 164 റണ്‍സെടുത്തത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (106*) തുടച്ചയായ രണ്ടാം സെഞ്ച്വറിയാണ് ഡല്‍ഹിക്കു കരുത്തായത്. 61 പന്തില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 57 പന്തിലായിരുന്നു അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ മല്‍സരത്തില്‍ 62 റണ്‍സ് തികച്ചതോടെ ഐപിഎല്ലില്‍ 5000 റണ്‍സെന്ന നാഴികക്കല്ലും ധവാന്‍ പിന്നിട്ടു. എലൈറ്റ് ക്ലബ്ബില്‍ അംഗമായ അഞ്ചാമത്തെ താരം കൂടിയാണ് അദ്ദേഹം.

ഡല്‍ഹി നിരയില്‍ മറ്റൊരു താരവും 20 റണ്‍സ് പോലും തികച്ചില്ല. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ റിഷഭ് പന്തും 14 റണ്‍സ് വീതമെയുത്ത് പുറത്തായി. പൃഥ്വി ഷാ (7) ഈ കളിയിലും നിറംമങ്ങി. മാര്‍ക്കസ് സ്റ്റോയ്‌നിസ് (9), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മുഹമ്മദ് ഷമി പഞ്ചാബിനായി രണ്ടു വിക്കറ്റെടുത്തു.

ടോസ് ലഭിച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഡല്‍ഹി ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പരിക്കില്‍ നിന്നു മോചിതനായി റിഷഭ് പന്ത് തിരിച്ചെത്തി. കൂടാതെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഡാനിയേല്‍ സാംസ് എന്നിവരും ടീമിന്റെ ഭാഗമായി. അജിങ്ക്യ രഹാനെ, അലെക്‌സ് ക്യാരി, ആന്‍ റിച്ച് നോര്‍ക്കിയ എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. പഞ്ചാബ് ടീമിലും മാറ്റങ്ങളുണ്ടായികരുന്നു. ക്രിസ് ജോര്‍ഡനു പകരം ജെയിംസ് നീഷാം കളിച്ചു.

നിരാശപ്പെടുത്തി പൃഥ്വി

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും വെടിക്കെട്ട് താരം പൃഥ്വി ഷാ നിരാശപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ ഡെക്കായി മടങ്ങിയ പൃഥ്വിക്കു ഈ മല്‍സരത്തില്‍ വെറും ഏഴു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
11 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സെടുത്ത പൃഥ്വി ജെയിംസ് നീഷാം മടക്കുകയായിരുന്നു. എക്‌സ്ട്രാ കവറില്‍ വച്ച് മാക്‌സ്വെല്ലാണ് പൃഥ്വി.യെ പിടികൂടിയത്. ഡല്‍ഹി ഒന്നിന് 25

ധവാന്‍- ശ്രേയസ് കൂട്ടുകെട്ട്

രണ്ടാം വിക്കറ്റില്‍ മികച്ച ഫോമിലുള്ള ധവാന് കൂട്ടായി നായകന്‍ ശ്രേയസ് വന്നതോടെ ഡല്‍ഹി സ്‌കോറിങിനു വേഗം കൂടി. 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുന്നേറിയ ഈ ജോടിയെ വേര്‍പിരിച്ചത് മുരുഗന്‍ അശ്വിനായിരുന്നു. ലെഗ് സൈഡിലേക്കു പോയ പന്തില്‍ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എഡ്ജ് ചെയ്ത ബോള്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ രാഹുല്‍ അനായാസം ക്യാച്ച് ചെയ്തു. 12 പന്തില്‍ ഒരു സിക്‌സറോടെ 14 റണ്‍സാണ് ഡല്‍ഹി നായകന് നേടാനായത്.

പന്തിന്റെ തിരിച്ചുവരവ്

പരിക്കു കാരണം കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരുന്ന ശേഷം ടീമിലേക്കു മടങ്ങിയെത്തിയ റിഷഭ് പന്തില്‍ നിന്നും ടീമിന് കാര്യമായ സംഭാവനയൊന്നും ലഭിച്ചില്ല. 20 ബോളുകളുടെ ആയുസ് മാത്രമേ വിക്കറ്റ് കീപ്പര്‍ക്കുണ്ടായുള്ളൂ. ഒരു ബൗണ്ടറിയോടെ 14 റണ്‍സെടുത്ത പന്തിനെ മാക്‌സ്വെല്‍ മടക്കി. റൗണ്ട് ദി വിക്കറ്റ് മാക്‌സ്വെല്ലിന്റെ ബൗളിങ്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച പന്തിനെ ലോങ് ഓണില്‍ മായങ്ക് പിടികൂടി.

Share this story