വിവാദ ഔട്ടിനെ ചൊല്ലി അമ്പയർമാരുമായി തർക്കം; സഞ്ജുവിന് പിഴയിട്ട് ബിസിസിഐ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയർമാരോട് തർക്കിച്ചതിന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പിഴ ചുമത്തി ബിസിസിഐ. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. മാച്ച് ഫീയുടെ 30 ശതമാനം സഞ്ജു പിഴ ഒടുക്കേണ്ടി വരും

പതിനഞ്ചാം ഓവറിലാണ് വിവാദ ഔട്ട് നടന്നത്. 46 പന്തിൽ ആറ് സിക്‌സും എട്ട് ഫോറും സഹിതം 86 റൺസുമായി ക്രീസിൽ തകർത്തടിച്ച് നിൽക്കുകയായിരുന്നു സഞ്ജു. നായകൻ ക്രീസിൽ തുടരുന്നിടത്തോളം രാജസ്ഥാൻ റോയൽസ് വിജയമുറപ്പിച്ച നിമിഷം കൂടിയായിരുന്നു അത്. 15ാം ഓവറിലെ നാലാം പന്തിൽ മുകേഷ് ശർമയെ ഉയർത്തി അടിച്ച സഞ്ജുവിനെ ബൗണ്ടറി ലൈനിൽ നിന്ന് ഷായി ഹോപ് പിടികൂടുകയായിരുന്നു

ക്യാച്ച് എടുത്തതിന് പിന്നാലെ ഹോപിന്റെ കാല് രണ്ട് തവണ ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തതായി സംശയം ഉയർന്നിരുന്നു. എന്നാൽ മറ്റൊരു ആംഗിളിലുള്ള ദൃശ്യങ്ങൾ പോലും പരിശോധിക്കാതെ സെക്കൻഡുകൾക്കുള്ളിൽ തന്നെ തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. 

ഇതേ തുടർന്ന് സഞ്ജു അമ്പയർമാരുമായി സംസാരിച്ചു. റിവ്യു കൊടുക്കാൻ ശ്രമിച്ചെങ്കിലും അമ്പയർമാർ വഴങ്ങിയില്ല. സഞ്ജു പുറത്തായതോടെ രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങുകയും ചെയ്തു. അതേസമയം സമൂഹ മാധ്യമങ്ങളിൽ തേർഡ് അമ്പയറുടെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മുൻ കളിക്കാർ അടക്കം ഔട്ട് സംശയകരമാണെന്ന അഭിപ്രായവും പങ്കുവെക്കുന്നുണ്ട്.
 

Share this story