അനായാസം ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ 9 വിക്കറ്റിന് തകർത്തു

ഇൻഡോർ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. സ്പിൻ കെണിയൊരുക്കി ഓസീസിനെ വീഴ്ത്താൻ നിന്ന ഇന്ത്യക്ക് തന്നെ പിഴച്ചു. കറങ്ങി വീണത് ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ ആയിരുന്നുവെന്ന് മാത്രം. രണ്ടാമിന്നിംഗ്‌സിൽ വിജയലക്ഷ്യമായ 76 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.5 ഓവറിൽ ഓസ്‌ട്രേലിയ മറികടന്നു.
ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ തന്നെ ഉസ്മാൻ ഖവാജയെ വീഴ്ത്തി അശ്വിൻ ചെറിയ പ്രതീക്ഷ നൽകിയെങ്കിലും ട്രാവിസ് ഹെഡും ലാബുഷെയ്‌നും ചേർന്ന് ഇത് തല്ലിക്കെടുത്തുകയായിരുന്നു. ഇരുവരും വിജയലക്ഷ്യം ഭേദിക്കുന്നതുവരെ അപരാജിതരായി ക്രീസിൽ തുടർന്നു. ട്രാവിസ് ഹെഡ് 49 റൺസും ലാബുഷെയ്ൻ 28 റൺസുമെടുത്തു
ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 109 റൺസ് ആണ് എടുത്തത്. 5 വിക്കറ്റെടുത്ത മാത്യു കുനെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയോണും ചേർന്നാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത്. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 197 റൺസ് സ്വന്തമാക്കി. ലീഡ് വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് ഇവിടെയും പിഴച്ചു. 163ന് ഓൾ ഔട്ട്. ലിയോൺ ആണ് കൂടുതൽ അപകടം വിതച്ചത്. എട്ട് വിക്കറ്റുകളാണ് നഥാൻ ലിയോൺ രണ്ടാമിന്നിംഗ്‌സിൽ സ്വന്തമാക്കിയത്. ഇതോടെ വിജയലക്ഷ്യം ഓസീസിന് 76 ലക്ഷ്യമായി കുറിക്കപ്പെടുകയായിരുന്നു.