ഇംഗ്ലണ്ട് 246ന് പുറത്ത്, ഏകദിന ശൈലിയിൽ ബാറ്റ് വീശി ഇന്ത്യ; ശക്തമായ നിലയിൽ

jaiswal

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 246 റൺസിനെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. 23 ഓവറിലാണ് ഇന്ത്യ 119 റൺസ് അടിച്ചുകൂട്ടിയത്. നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.

12.2 ഓവറിൽ 80 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇന്ത്യക്ക് രോഹിതിന്റെ വിക്കറ്റ് നഷ്ടമായത്. 27 പന്തിൽ 24 റൺസായിരുന്നു നായകന്റെ സമ്പാദ്യം. മറുവശത്ത് യശസ്വി ജയ്‌സ്വാൾ തകർപ്പനടി തുടർന്നപ്പോൾ ഇന്ത്യ മൂന്നക്കത്തിലേക്ക് കുതിച്ചെത്തി. 70 പന്തിൽ മൂന്ന് സിക്‌സും ഒമ്പത് ഫോറും സഹിതം 76 റൺസുമായി ജയ്‌സ്വാളും 14 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ഒന്നാം ദിനം കളി നിർത്തുമ്പോൾ ക്രീസിലുള്ളത്

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 246ന് പുറത്താകുകയായിരുന്നു. 70 റൺസെടുത്ത ബെൻ സ്റ്റോക്‌സ് ആണ് അവരുടെ ടോപ് സ്‌കോറർ. ജോണി ബെയിർസ്‌റ്റോ 37 റൺസും ബെൻ ഡക്കറ്റ് 35 റൺസും ജോ റൂട്ട് 29 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി അശ്വിൻ, ജഡേജ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അക്‌സർ പട്ടേലും ബുമ്രയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.
 

Share this story