ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകൾ നഷ്ടമായി; വിശാഖപട്ടണം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് ആറ് വിക്കറ്റുകൾ നഷ്ടമായി. 399 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എന്ന നിലയിലാണ്. വിജയത്തിലേക്കായി അവർക്ക് ഇനിയും 205 റൺസ് കൂടി വേണം. 

അതേസമയം നാല് വിക്കറ്റുകൾ അകലെ ജയം ഇന്ത്യയെ കാത്തിരിക്കുകയാണ്. നാലാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സ് പുനരാരംഭിച്ചത്. സ്‌കോർ 95 എത്തിയപ്പോഴേക്കും. 23 റൺസെടുത്ത റെഹാൻ അഹമ്മദിനെ ഇംഗ്ലണ്ടിന് നഷ്ടമായി. ഒലി പോപ് 23 റൺസിനും ജോ റൂട്ട് 16 റൺസിനും വീണു

ഒരു വശത്ത് സാക്ക് ക്രൗളി നിലയുറപ്പിച്ചതോടെ ഇന്ത്യയും സമ്മർദത്തിലായി. എന്നാൽ സ്‌കോർ 194ൽ നിൽക്കെ സാക്ക് ക്രൗളി കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു. 73 റൺസാണ് താരം സമ്പാദിച്ചത്. ലഞ്ചിന് പിരിയുന്നതിന് മുമ്പുള്ള അവസാന ഓവറിൽ ജോണി ബെയിർസ്‌റ്റോയെയും നഷ്ടമായതോടെ ഇംഗ്ലണ്ട് ആറിന് 194 റൺസ് എന്ന നിലയിലേക്ക് വീണു

ബെൻ സ്‌റ്റോക്‌സും ബെൻ ഫോക്‌സുമാണ് ക്രീസിൽ. ഇന്ത്യക്കായി അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

Share this story