ലോകകപ്പിൽ ഇംഗ്ലണ്ടിന് വീണ്ടും റൈറ്റ്-ബാക്ക് തലവേദന; പരിക്ക് വിട്ടുമാറാതെ റീസ് ജെയിംസ് അനിശ്ചിതത്വത്തിൽ!

sp

മിയാമി: ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക വർദ്ധിപ്പിച്ച് റൈറ്റ്-ബാക്ക് താരം റീസ് ജെയിംസിന്റെ പരിക്ക് തുടരുന്നു. ഹാംസ്ട്രിങ് (Hamstring) പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്ത താരം നോർവേക്കെതിരെയുള്ള നിർണായക മത്സരത്തിന് മുന്നോടിയായുള്ള ടീമിന്റെ പ്രധാന പരിശീലന സെഷനുകളിൽ നിന്നും വിട്ടുനിന്നു. താരം നിലവിൽ പ്രത്യേക റീഹാബിലിറ്റേഷൻ പ്രോഗ്രാമിലൂടെ കടന്നുപോവുകയാണ്.

​ഗ്രൂപ്പ് ഘട്ടത്തിൽ ഘാനയ്‌ക്കെതിരായ മത്സരത്തിനിടയിലാണ് ചെൽസി ക്യാപ്റ്റൻ കൂടിയായ റീസ് ജെയിംസിന് പരിക്കേറ്റത്. തുടർന്ന് നടന്ന പാനമ, ഡി.ആർ കോംഗോ, മെക്സിക്കോ എന്നീ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. നോർവേക്കെതിരായ ക്വാർട്ടർ ഫൈനലിന് മുൻപ് ജെയിംസ് ടീമിനൊപ്പം ചേരുമെന്ന് പരിശീലകൻ തോമസ് ടുഹെൽ പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും താരം ഇതുവരെ ടീം ട്രെയിനിംഗിലേക്ക് തിരിച്ചെത്തിയിട്ടില്ല.

​ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് മറ്റൊരു റൈറ്റ്-ബാക്ക് താരമായ ടിനോ ലിവ്‌റമെന്റോയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ റീസ് ജെയിംസിനും പരിക്കേറ്റത് ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയെ, പ്രത്യേകിച്ച് റൈറ്റ്-ബാക്ക് പൊസിഷനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മെക്സിക്കോക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ഡിഫെൻഡർ ജാരെൽ ക്വാൻസയ്ക്കും അടുത്ത മത്സരത്തിൽ വിലക്കുള്ളതിനാൽ നോർവേക്കെതിരെ ഡിഫെൻസ് ലൈൻ എങ്ങനെ അണിനിരത്തണമെന്ന ചിന്തയിലാണ് ഇംഗ്ലണ്ട് കോച്ച് തോമസ് ടുഹെൽ.

Share this story