ലോകകപ്പ് ചരിത്രത്തിലാദ്യം; പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനിയെ വീഴ്ത്തി പരാഗ്വെ: വമ്പൻ അട്ടിമറിയോടെ മുൻ ചാമ്പ്യന്മാർ പുറത്തേക്ക്

SP

ഫോക്സ്ബറോ (യു.എസ്.എ): 2026 ഫിഫ ലോകകപ്പിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് വമ്പൻ അട്ടിമറി. കരുത്തരായ ജർമ്മനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-3) തകർത്ത് പരാഗ്വെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ലോകകപ്പ് പെനാൽറ്റി ഷൂട്ടൗട്ടുകളുടെ ചരിത്രത്തിൽ ജർമ്മനി നേരിടുന്ന ആദ്യത്തെ തോൽവിയാണിത്.

​നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു (1-1). മത്സരത്തിന്റെ 42-ാം മിനിറ്റിൽ യൂലിയോ എൻസിസോയിലൂടെ പരാഗ്വെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 52-ാം മിനിറ്റിൽ കായ് ഹാവെർട്സിലൂടെ ജർമ്മനി സമനില പിടിച്ചു. തുടർന്ന് അധികസമയത്തും ഇരുടീമുകൾക്കും ലീഡ് എടുക്കാൻ കഴിയാതെ വന്നതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

​ഷൂട്ടൗട്ടിൽ ജർമ്മനിയുടെ കായ് ഹാവെർട്സ് എടുത്ത ആദ്യ കിക്ക് തന്നെ പരാഗ്വെ ഗോളി ഒർലാൻഡോ ഗിൽ തടഞ്ഞിട്ടു. സഡൻ ഡെത്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ജർമ്മനിയുടെ ജോനാഥൻ ടായുടെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തുടർന്ന് പരാഗ്വെയുടെ ഹോസെ കനാലെ ലക്ഷ്യം കണ്ടതോടെ ലാറ്റിനമേരിക്കൻ കരുത്തർ ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ 44 വർഷമായി ലോകകപ്പ് ഷൂട്ടൗട്ടുകളിൽ തോറ്റിട്ടില്ലെന്ന ജർമ്മനിയുടെ അജയ്യമായ റെക്കോർഡും തകർന്നു വീണു. പ്രീ-ക്വാർട്ടറിൽ ഫ്രാൻസ് - സ്വീഡൻ മത്സരത്തിലെ വിജയികളെയാണ് പരാഗ്വെ നേരിടുക.

Tags

Share this story