ലോകകപ്പിന്റെ ക്ഷീണം മാറ്റാൻ ബംഗ്ലാദേശിലേക്ക് പോയി; പരമ്പരയും കൈവിട്ട് നാണക്കേടിന്റെ കുഴിയിൽ പാക്കിസ്ഥാൻ

pak

ടി20 ലോകകപ്പിൽ സെമിയിൽ കയറാതെ പുറത്തായതിന് പിന്നാലെയാണ് പാക്കിസ്ഥാൻ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരക്കായി ധാക്കയിലെത്തിയത്. ബംഗ്ലാദേശ്-പാക്കിസ്ഥാൻ സൗഹൃദത്തിന്റെ ഭാഗമായിട്ടായിരുന്നു പരമ്പര. ടി20 ലോകകപ്പിലെ ക്ഷീണം പരമ്പരയിലൂടെ തീർക്കാമെന്ന പ്രതീക്ഷയിലായിരുന്നു പാക്കിസ്ഥാൻ. എന്നാൽ 2-1ന് പരമ്പര ബംഗ്ലാദേശിന് മുന്നിൽ അടിയറവ് വെച്ച് നാണക്കേടിലേക്ക് വീണിരിക്കുകയാണ് അവർ

നിർണായകമായ മൂന്നാം മത്സരത്തിൽ 11 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 279 റൺസിന് പുറത്തായി. സൽമാൻ ആഗ 106 റൺസുമായി പൊരുതിയെങ്കിലും പിന്തുണ നൽകാൻ മറ്റാരുമുണ്ടായിരുന്നില്ല

നേരത്തെ ഓപണർ തൻസിദ് ഹസന്റെ സെഞ്ച്വറി(107) മികവിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോറിലെത്തിയത്. തൗഹിക് ഹൃദോയി 48 റൺസും ലിറ്റൺ ദാസ് 41 റൺസുമെടുത്തു. പരമ്പരയിലെ ആദ്യ മത്സരവും ബംഗ്ലാദേശ് വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ വിജയിച്ച പാക്കിസ്ഥാൻ പരമ്പര 1-1 എന്ന നിലയിലാക്കി. എന്നാൽ മൂന്നാം മത്സരത്തിൽ തോറ്റ് പരമ്പര കൈവിടാനായിരുന്നു അവരുടെ വിധി
 

Tags

Share this story