​'അവൻ എന്‍റെ അടുത്ത സുഹൃത്ത്; ഏറ്റവും പ്രിയപ്പെട്ടവൻ':നോക്കൗട്ട് യോഗ്യതയ്ക്ക് പിന്നാലെ മെസിയുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി നെയ്മർ

Messi Neymer

2026 ഫിഫ ലോകകപ്പിൽ സ്കോട്ട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ, അർജന്‍റൈൻ ഇതിഹാസം ലിയോണൽ മെസിയുമായുള്ള തന്‍റെ ആത്മബന്ധത്തെക്കുറിച്ച് മനസ്സ് തുറന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. മെസിയെ തന്‍റെ ഏറ്റവും മികച്ച സുഹൃത്ത് എന്നാണ് നെയ്മർ വിശേഷിപ്പിച്ചത്.

​പരിക്കിനെത്തുടർന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ നെയ്മറിന്‍റെ ഈ ലോകകപ്പിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം മെസിയെ വാനോളം പുകഴ്ത്തിയത്.

​"കളിക്കളത്തിൽ അദ്ദേഹം എത്രത്തോളം മികച്ചതാണോ, അതിലും എത്രയോ മികച്ച വ്യക്തിയാണ് മൈതാനത്തിന് പുറത്ത്. അദ്ദേഹം എന്‍റെ വളരെ അടുത്ത സുഹൃത്താണ്. എനിക്ക് അദ്ദേഹത്തോട് എത്രമാത്രം സ്നേഹവും കരുതലും ഉണ്ടെന്ന് മെസിക്കറിയാം."

നെയ്മർ ജൂനിയർ

​ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മെസിയും നെയ്മറും തമ്മിലുള്ളത്. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽ 2013 മുതൽ 2017 വരെയുള്ള നാല് സീസണുകളിൽ ഇരുവരും ഒന്നിച്ച് പന്തുതട്ടിയിരുന്നു. പിന്നീട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലും (PSG) ഇരുവരും ഒരുമിച്ച് കളിച്ച് നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സുപ്രധാന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ 3-0 ന് തകർത്താണ് ബ്രസീൽ ഈ ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.

Tags

Share this story