എണ്ണാമെങ്കിൽ എണ്ണിക്കോ; മുംബൈ-ഹൈദരാബാദ് മത്സരത്തിൽ പിറന്നത് റെക്കോർഡുകളുടെ പെരുമഴ

srh

ഇതുപോലൊന്ന് ഐപിഎൽ ചരിത്രത്തിൽ നടന്നിട്ടില്ല. അങ്ങനെ വേണം സൺ റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് മത്സരത്തെ വിശേഷിപ്പിക്കാൻ. അടി എന്ന് പറഞ്ഞാൽ അടി, അടിയോടടി. മത്സരത്തിൽ പിറന്ന റെക്കോർഡുകൾക്ക് യാതൊരു പഞ്ഞവുമില്ല. വാശിയേറിയ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 31 റൺസിനാണ് മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ചത്

ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്‌സ് ഹൈദരാബാദ് അടിച്ചുകൂട്ടിയത് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ്. ഐപിഎലിൽ ഒരു ടീം നേടുന്ന ഏറ്റവുമുയർന്ന ടോട്ടൽ. 2013ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു നേടിയ 263 റൺസിന്റെ റെക്കോർഡാണ് ഇന്നലെ തകർക്കപ്പെട്ടത്. 

ഒരു ഐപിഎൽ മത്സരത്തിൽ ഇരു ടീമുകളും ചേർന്ന് നേടുന്ന ഏറ്റവുമുയർന്ന സ്‌കോർ പിറന്നതും ഇന്നലെയാണ്. ഹൈദരാബാദിന്റെ അടിക്ക് തിരച്ചടി നൽകാനൊരുങ്ങി മുംബൈ ഇന്ത്യൻസ് ഇറങ്ങിയതോടെയാണ് ഈ അപൂർവ റെക്കോർഡും പിറന്നത്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ എത്താനെ മുംബൈക്ക് സാധിച്ചുള്ളുവെങ്കിലും ഇരു ടീമുകളും ചേർന്ന് നേടിയത് 523 റൺസാണ്. 

പരാജയപ്പെട്ടെങ്കിലും ഒരു ഐപിഎൽ മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിലെ ഏറ്റവുമുയർന്ന സ്‌കോർ നേടിയ ടീം എന്ന റെക്കോർഡ് മുംബൈ സ്വന്തമാക്കി. രണ്ടാമിന്നിംഗ്‌സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ്. 

ഒരു ഐപിഎൽ മത്സരത്തിൽ ഏറ്റവുമധികം സിക്‌സറുകൾ പിറന്ന മത്സരവും ഇതായിരുന്നു. 38 സിക്‌സറുകളാണ് ആകെ രണ്ടിന്നിംഗ്‌സിലുമായി പിറന്നത്. 18 സിക്‌സറുകളാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൽ പായിച്ചത്. 20 സിക്‌സറുകളാണ് മുംബൈ ഇന്ത്യൻസ് താരങ്ങൾ പായിച്ചത്. അഭിഷേക് ശർമയും ഹെന്റിച്ച് ക്ലാസനും ഏഴ് വീതം സിക്‌സറുകൾ പറത്തി. മുംബൈക്ക് വേണ്ടി തിലക് വർമ ആറ് സിക്‌സറുകൾ കണ്ടെത്തി

ആദ്യമായാണ് ഒരു ഐപിഎൽ മത്സരത്തിൽ നാല് ബാറ്റ്‌സ്മാൻമാർ 25 ബോളിൽ താഴെ അർധ സെഞ്ച്വറി തികയ്ക്കുന്നത്. അഭിഷേക് ശർമ 16 പന്തിൽ അർധ സെഞ്ച്വറി നേടി. ഇതും ഐപിഎൽ റെക്കോർഡാണ്. ട്രാവിസ് ഹെഡ് 18 പന്തിലാണ് അർധ സെഞ്ച്വറി നേടിയത്. ക്ലാസൻ 23 പന്തിൽ അർധ സെഞ്ച്വറി നേടിയപ്പോൾ മുംബൈ താരം തിലക് വർമ 24 പന്തുകളിൽ അർധ സെഞ്ച്വറിയിലേക്കെത്തി. 

ഐപിഎൽ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമെന്ന നാണക്കേടിന്റെ റെക്കോർഡ് മുംബൈ ഇന്ത്യൻസ് താരം ക്വെന മപാകയെ തേടിയെത്തി. നാല് ഓവറിൽ 66 റൺസാണ് ദക്ഷിണാഫ്രിക്കൻ പേസർ വഴങ്ങിയത്.
 

Share this story