വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം; പരമ്പര 2-0ന് സ്വന്തമാക്കി

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യൻ ഓപണർ കെഎൽ രാഹുൽ അർധസെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി
സായ് സുദർശനാണ് ഇന്ന് ആദ്യം പുറത്തായത്. 76 റൺസിൽ 39 റൺസെടുത്ത സുദർശനെ റോസ്റ്റൺ ചേസ് പുറത്താക്കി. നായകൻ ഗിൽ 15 പന്തിൽ 13 റൺസുമായി മടങ്ങി. ഇന്ത്യ വിജയലക്ഷ്യം മറികടക്കുമ്പോൾ രാഹുൽ 58 റൺസുമായും ധ്രുവ് ജുറേൽ 6 റൺസുമായും പുറത്താകാതെ നിന്നു.
ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് ഒന്നാമിന്നിംഗ്‌സിൽ 248 റൺസിന് പുറത്തായി. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച വിൻഡീസ് ശക്തമായ ചെറുത്തുനിൽപ്പാണ് കാഴ്ച വെച്ചത്. 390 റൺസ് അവർ രണ്ടാമിന്നിംഗ്‌സിൽ സ്വന്തമാക്കി. 121 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്
ഓപണർ ജോൺ കാമ്പലും ഷായി ഹോപും വിൻഡീസിനായി രണ്ടാമിന്നിംഗ്‌സിൽ സെഞ്ച്വറി നേടി. കാമ്പൽ 115 റൺസും ഷായി ഹോപ് 103 റൺസുമെടുത്തു. ഇന്ത്യക്കായി ബുമ്രയും കുൽദീപും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ടും ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി.