കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്
കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. 152 റൺസ് കൂടി കൂട്ടിച്ചേർക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. ഇന്ത്യക്ക് 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കാനായി. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് ഓൾ ഔട്ടായിരുന്നു.
39 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. വാഷിംഗ്ടൺ സുന്ദർ 29 റൺസും റിഷഭ് പന്ത് 27 റൺസും രവീന്ദ്ര ജഡേജ 27 റൺസുമെടുത്തു. ധ്രുവ് ജുറേൽ 14 റൺസിനും അക്‌സർ പട്ടേൽ 16 റൺസിനും വീണു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 4 റൺസെടുത്ത് നിൽക്കവെ പരുക്കേറ്റ് മടങ്ങുകയായിരുന്നു.
രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിലവിൽ 2 വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ്. 11 റൺസെടുത്ത റിയാൻ റിക്കിൽറ്റണിനെ കുൽദീപ് യാദവും 4 റൺസെടുത്ത എയ്ഡൻ മർക്രാമിനെ ജഡേജയും പുറത്താക്കി. വിയാൻ മുൽഡർ 11 റൺസുമായും ടെംബ ബവുമ 4 റൺസുമായും ക്രീസിലുണ്ട്
