രണ്ടാം ടെസ്റ്റിലും കളി മറന്ന് ഇന്ത്യ; ദയനീയ തകർച്ച, എട്ട് വിക്കറ്റുകൾ വീണു
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്ക് 194 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. നിലവിൽ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 295 റൺസ് പിന്നിലാണ് ഇന്ത്യ
വിക്കറ്റ് നഷ്ടമില്ലാതെ 9 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും പിന്നീട് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സ്‌കോർ 65ൽ നിൽക്കെ 22 റൺസെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. 97 പന്തിൽ 58 റൺസെടുത്ത ജയ്‌സ്വാൾ സ്‌കോർ 95ൽ വെച്ച് പുറത്തായി. സായ് സുദർശൻ 15 റൺസെടുത്ത് മടങ്ങി
ധ്രുവ് ജുറേൽ പൂജ്യത്തിനും ക്യാപ്റ്റൻ റിഷഭ് പന്ത് ഏഴ് റൺസിനും രവീന്ദ്ര ജഡേജ 6 റൺസിനും വീണു. നീതീഷ് കമാർ റെഡ്ഡി 10 റൺസെടുത്തു. വാലറ്റത്ത് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചു. സുന്ദർ 48 റൺസെടുത്ത് പുറത്തായി. നിലവിൽ 19 റൺസുമായി കുൽദീപ് യാദവും ബുമ്രയുമാണ് ക്രീസിൽ. മാർക്കോ ജാൻസൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിമോൺ ഹാർമർ 3 വിക്കറ്റെടുത്തു. കേശവ് മഹാരാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
