12 റൺസിനിടെ വീണത് ഇന്ത്യയുടെ നാല് വിക്കറ്റുകൾ; ഒരുവശത്ത് തകർത്തടിച്ച് അഭിഷേക് ശർമ
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസ് എന്ന നിലയിൽ നിന്നും ഇന്ത്യ 4ന് 32 റൺസ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു. 12 റൺസിനിടെയാണ് ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായത്
സ്‌കോർ 20ൽ നിൽക്കെ 5 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഹേസിൽവുഡ് ഗില്ലിനെ മിച്ചൽ മാർഷിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. സൂര്യകുമാർ യാദവിന് പകരം വൺ ഡൗണായി ക്രീസിലെത്തിയത് സഞ്ജു സാംസൺ. രണ്ട് റൺസെടുത്ത് നിൽക്കെ സഞ്ജു വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. ഇതോടെ ഇന്ത്യ 2ന് 23 എന്ന നിലയിലേക്ക് വീണു
നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഒരു റൺസിന് പുറത്തായി. അഞ്ചാമനായി എത്തിയതിലക് വർമ പൂജ്യത്തിനും വീണതോടെ ഇന്ത്യ 4ന് 32 റൺസ് എന്ന നിലയിലായി. പിന്നീട് ക്രീസിലെത്തിയ അക്‌സർ പട്ടേൽ നിലയുറപ്പിച്ചെന്് തോന്നിപ്പിച്ചെങ്കിലും 7 റൺസെടുത്ത് നിൽക്കെ റൺ ഔട്ടായി പുറത്ത്.
ഇതോടെ ഇന്ത്യ 49ന് 5 എന്ന വൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. അതേസമയം ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് തകർത്തടിച്ച് മുന്നേറുകയാണ് അഭിഷേക് ശർമ. 13 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 33 റൺസുമായി അഭിഷേക് ശർമ ക്രീസിലുണ്ട്. 2 റൺസെടുത്ത ഹർഷിത് റാണയാണ് മറുവശത്ത്.
