ഇന്ത്യ -പാക് ഏഷ്യാകപ്പ് ഫൈനൽ; ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ നിന്ന് പിന്മാറി ടീം ഇന്ത്യ

ക്രിക്കറ്റ്

ദുബായ്: ഏഷ്യാകപ്പ് 2025 ഫൈനലിന് മുന്നോടിയായി നടക്കേണ്ട ക്യാപ്റ്റൻമാരുടെ ഔദ്യോഗിക ഫോട്ടോഷൂട്ടിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറിയതായി റിപ്പോർട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിന് മുന്നോടിയായി നടക്കാറുള്ള പരമ്പരാഗതമായ ചടങ്ങാണിത്.

​പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയുമായുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കേണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തീരുമാനമെടുത്തതായാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും, ടൂർണമെന്റിലെ മുൻ മത്സരങ്ങളിൽ ഇരു ടീമുകളും പരസ്പരം ഹസ്തദാനം നൽകുന്നതിൽ നിന്ന് വിട്ടുനിന്ന വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കം.

​ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ ടീമിന് തീരുമാനമെടുക്കാമെന്ന് പാക് ക്യാപ്റ്റൻ സൽമാൻ ആഘ പ്രതികരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ടൂർണമെന്റിൽ ഇന്ത്യ - പാക് ടീമുകൾ നേർക്കുനേർ വന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാർ ഹസ്തദാനം നൽകിയിരുന്നില്ല. ഈ വിവാദത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി.) ഐ.സി.സിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ടീം ഇന്ത്യയുടെ പിന്മാറ്റത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, വാർത്താ ഏജൻസികളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tags

Share this story