ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ; ഇരു ടീമുകളിലും മാറ്റങ്ങൾക്ക് സാധ്യത

roko

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0ന് മുന്നിൽ നിൽക്കുന്ന ഇന്ത്യക്ക് ഇന്ന് കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം ആദ്യ ഏകദിനത്തിലേറ്റ തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറാനാകും ദക്ഷിണആഫ്രിക്ക ഇന്നിറങ്ങുക

ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇന്ത്യൻ ടീമിനെ വലയ്ക്കുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരോട് കോഹ്ലിയും പരിശീലകനായ ഗൗതം ഗംഭീറുമായി അത്ര രസത്തിലല്ല പോകുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാനായി ബിസിസിഐ യോഗം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. 

ഇരു ടീമിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും രോഹിതിനൊപ്പം ഓപണറായി ജയ്‌സ്വാളിന് ഒരു അവസരം കൂടി നൽകിയേക്കും. അതേസമയം മധ്യനിരയിൽ റിതുരാജ് ഗെയ്ക്ക് വാദിന് പകരം റിഷഭ് പന്തോ തിലക് വർമയോ എത്തും.

വാഷിംഗ്ടൺ സുന്ദറിനും സ്ഥാനം തെറിച്ചേക്കും. പകരം നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിക്കും. ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന നായകൻ ടെംബ ബവുമ ഇന്ന് തിരിച്ചെത്തും. ആദ്യ മത്സരത്തിൽ കളിച്ച പ്രനെലൻ സുബ്രയന് പകരം കേശവ് മഹാരാജ് ടീമിലെത്തും
 

Tags

Share this story