ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ 436 റൺസിന് പുറത്ത്; 190 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ മൂന്നാം ദിനം 436 റൺസിന് പുറത്തായി. ഇതോടെ നിർണായകമായ 190 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് 246 റൺസിന് അവസാനിച്ചിരുന്നു. 421ന് 7 വിക്കറ്റ് എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. 15 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അവസാന മൂന്ന് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമാകുകയായിരുന്നു

87 റൺസെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. 180 പന്തിൽ 7 ഫോറും രണ്ട് സിക്‌സും സഹിതമാണ് ജഡേജ 87 റൺസെടുത്തത്. തൊട്ടടുത്ത പന്തിൽ ബുമ്രയെയും ജോ റൂട്ട് വീഴ്ത്തി. അടുത്ത ഓവറിൽ 44 റൺസെടുത്ത അക്‌സർ പട്ടേലും പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് 436 റൺസിൽ തന്നെ അവസാനിച്ചു. 

ജഡേജ തന്നെയാണ് ഇന്ത്യൻ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ. കെ എൽ രാഹുൽ 87 റൺസും യശസ്വി ജയ്‌സ്വാൾ 80 റൺസുമെടുത്തു. ശ്രേയസ് അയ്യർ 35 റൺസിനും രോഹിത് ശർമ 24 റൺസിനും ഗിൽ 23 റൺസിനും വീണു. ശ്രീകർ ഭരത് 41 റൺെസടുത്തു.

ഇംഗ്ലണ്ടിനായി ജോ റൂട്ട് 4 വിക്കറ്റുകൾ വീഴ്ത്തി. റെഹാൻ അഹമ്മദ്, ടോം ഹാർട്‌ലി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ജാക്ക് ലീച്ച് ഒരു വിക്കറ്റെടുത്തു. പൂർണമായും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർ എത്ര നേരം പിടിച്ചുനിൽക്കുമെന്നതിലാണ് ടെസ്റ്റിന്റെ ഫലം നിർണയിക്കുക.
 

Share this story