ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം; എതിരാളികൾ യുഎഇ, സഞ്ജുവിന് ഇടം കിട്ടുമോ

ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം. ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികൾ. ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. അവസാനം കളിച്ച 5 ടി20 മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ഇന്ത്യ വരുന്നത്
സഞ്ജു സാംസണ് ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യ അവസാനമായി കളിച്ച ടി20കളിൽ ഓപണറായി സഞ്ജുവും ഉണ്ടായിരുന്നു. എന്നാൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിൽ തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ സാധ്യത മങ്ങുകയാണ്
മൂന്നാം നമ്പറിൽ തിലക് വർമയും നാലാം നമ്പറിൽ സൂര്യകുമാർ യാദവും ഇറങ്ങും. ഇതോടെ സഞ്ജുവിന്റെ ആകെ സാധ്യത അഞ്ചാം നമ്പറിലാണ്. പക്ഷേ വിക്കറ്റ് കീപ്പറായി കൂടുതലും പരിഗണിക്കുന്നത് ജിതേഷ് ശർമയെ ആയതിനാൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ
6, 7 സ്ഥാനങ്ങളിൽ ഹാർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ഇറങ്ങും. ജസ്പ്രീത് ബുമ്രക്കൊപ്പം അർഷ്ദീപ് സിംഗ് പേസ് യൂണിറ്റിൽ ഇറങ്ങും. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരാകും സ്പിൻ നിയന്ത്രിക്കുക.