ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും; ഷമിക്ക് തിരിച്ചുവരവുണ്ടാകുമോ
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. ഈ മാസം 11നാണ് മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് തുടക്കമാകുക. മുഹമ്മദ് ഷമിയും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്തിന്റെ കാര്യവും സർപ്രൈസ് ആയി തുടരുകയാണ്
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പരുക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തും. ശ്രേയസ് അയ്യർ പരുക്കിൽ നിന്ന് മുക്തനായെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തത് തിരിച്ചടിയാണ്. ശ്രേയസ് പുറത്തായാൽ റിതുരാജ് ഗെയ്ക്ക് വാദ് ടീമിൽ തുടരും.
ടി20 ലോകകപ്പിന് ഒരുങ്ങാനായി ഹാർദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും. ഇതോടെയാണ് ഷമിയുടെ സാധ്യത വർധിക്കുന്നത്. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്.
റിഷഭ് പന്തിന്റെ കാര്യത്തിലും ശുഭ സൂചനകളല്ല ലഭിക്കുന്നത്. പന്തിന് പകരം ഇഷാൻ കിഷൻ ടീമിലെത്താൻ സാധ്യത കൂടുതലാണ്. സഞ്ജു സാംസണെ പരിഗണിക്കാൻ സാധ്യതയില്ല. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടീമിൽ തുടരും
