നിർത്താതെ പെയ്ത് മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു
ഓസ്‌ട്രേലിയ-ഇന്ത്യ ഒന്നാം ടി20 മഴയെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എടുത്തു നിൽക്കവെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. മത്സരം തുടരാനാകാത്ത നിലയിൽ മഴ തുടർന്നതോടെ കളി ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു
രണ്ട് തവണയാണ് കളിയിൽ രസം കൊല്ലിയായി മഴ വന്നത്. ആദ്യം ഇന്ത്യൻ ഇന്നിംഗ്‌സിൽ 5 ഓവർ പൂർത്തിയാകുമ്പോൾ കളി നിർത്തിവെക്കേണ്ടി വന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോൾ. പിന്നീട് മത്സരം 18 ഓവറായി ചുരുക്കി മത്സരം തുടർന്നു. 9.4 ഓവർ പിന്നിടുമ്പോൾ വീണ്ടും മഴ എത്തുകയായിരുന്നു
19 റൺസെടുത്ത അഭിഷേക് ശർമയാണ് പുറത്തായത്. 14 പന്തിൽ 4 ഫോറുകൾ സഹിതം 19 റൺസെടുത്ത അഭിഷേകിനെ നഥാൻ എല്ലിസ് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവും ശുഭ്മാൻ ഗില്ലും ചേർന്ന് വെടിക്കെട്ട് പ്രകടനമാണ് കാഴ്ച വെച്ചത്. സൂര്യകുമാർ യാദവ് 24 പന്തിൽ 2 സിക്‌സും 3 ഫോറും സഹിതം 39 റൺസുമായും ഗിൽ 20 പന്തിൽ 37 റൺസുമായും പുറത്താകാതെ നിന്നു
