179 റൺസുമായി ജയ്‌സ്വാൾ ക്രീസിൽ; രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ 6ന് 336 റൺസ്‌

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 6ന് 336 റൺസ് എന്ന നിലയിലാണ്. ഇരട്ട സെഞ്ച്വറി പ്രതീക്ഷയുമായി കുതിക്കുന്ന യശസ്വി ജയ്‌സ്വാളും അശ്വിനുമാണ് ഒന്നാം ദിനം കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. ജയ്‌സ്വാളിന്റെ ഒറ്റയാൻ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് നെടുംതൂണായത്. 

ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലെ രോഹിതിനെ നഷ്ടമായിരുന്നു. 14 റൺസാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. പിന്നീടുള്ള കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ജയ്‌സ്വാൾ മറുവശത്ത് ഉറച്ച് നിന്നതോടെ ഇന്ത്യൻ സ്‌കോർ മുന്നോട്ടു കുതിച്ചു. 257 പന്തിൽ 5 സിക്‌സും 17 ഫോറും സഹിതം 179 റൺസുമായാണ് ജയ്‌സ്വാൾ ബാറ്റിംഗ് തുടരുന്നത്. അശ്വിൻ 5 റൺസുമായും ക്രീസിലുണ്ട്

ജയ്‌സ്വാൾ കഴിഞ്ഞാൽ ഇന്ത്യൻ ഇന്നിംഗ്‌സിലെ അടുത്ത ടോപ് സ്‌കോറർ 34 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ്.  രജത് പാടിദാർ 32 റൺസും അക്‌സർ പട്ടേൽ 27 റൺസും ശ്രീകർ ഭരത് 17 റൺസുമെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി റെഹാൻ അഹമ്മദ്, ഷൊഹൈബ് ബഷീർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ടോം ഹാർട്‌ലി, ജയിംസ് ആൻഡേഴ്‌സൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

Share this story