ട്രംപിന്‍റെ ക്ഷണം നിരസിച്ച് ഹാവിയർ മിലെയ്; ഫൈനൽ കാണാൻ അർജന്‍റീന പ്രസിഡന്‍റ് സ്റ്റേഡിയത്തിലെത്തില്ല: കാരണം 36 വർഷം പഴക്കമുള്ള ആ ശാപം
ബ്യൂണസ് ഐറിസ്: ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ, കളി നേരിട്ട് കാണാൻ അർജന്‍റീനിയൻ പ്രസിഡന്‍റ് ഹാവിയർ മിലെയ് സ്റ്റേഡിയത്തിലേക്ക് എത്തില്ല. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ എന്നിവർക്കൊപ്പം വിഐപി ഗാലറിയിലിരുന്ന് ഫൈനൽ കാണാനുള്ള സുവർണാവസരമാണ് ചില കടുത്ത അന്ധവിശ്വാസങ്ങളുടെ (ഭാഗ്യപരീക്ഷണങ്ങൾ) പേരിൽ മിലെയ് വേണ്ടെന്നുവെച്ചത്.
അമേരിക്കയിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിലേക്ക് പറക്കുന്നതിന് പകരം തന്‍റെ ഔദ്യോഗിക വസതിയായ ഒലിവോസിലിരുന്ന് വീട്ടിലെ ടിവിയിലാണ് അദ്ദേഹം മത്സരം കാണുക.
ഭാഗ്യം കെടുത്താത്ത 'കബാലാസ്'
ഈ ടൂർണമെന്‍റിൽ അർജന്‍റീന കളിച്ച കഴിഞ്ഞ ഏഴ് മത്സരങ്ങളും അദ്ദേഹം ഔദ്യോഗിക വസതിയിലിരുന്നാണ് കണ്ടത്. ഈ മത്സരങ്ങളിലെല്ലാം അർജന്‍റീന വിജയിക്കുകയും ചെയ്തു. ആ ഭാഗ്യ തുടർച്ച മുറിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മിലെയുടെ നിലപാട്. ലാറ്റിനമേരിക്കയിൽ, പ്രത്യേകിച്ച് അർജന്‍റീനയിൽ ഇത്തരം ഭാഗ്യവിശ്വാസങ്ങളെ 'കബാലാസ്' (Cabala) എന്നാണ് വിളിക്കുന്നത്.
തദ്ദേശീയ റേഡിയോ സ്റ്റേഷനായ 'എൽ ഒബ്സർവേറ്ററി'യോട് സംസാരിക്കവേ പ്രസിഡന്‍റ് തന്‍റെ പ്രത്യേക ശീലങ്ങളെക്കുറിച്ച് വെളിപ്പെടുത്തി:
"തണുപ്പുള്ള സമയമായിട്ടും വസതിയിൽ ഞാൻ ഹീറ്റർ ഓൺ ചെയ്യാറില്ല. പകരം ഒരു ഓയിൽ കമ്പനിയുടെ ലോഗോയുള്ള വലിയൊരു കട്ടിയുള്ള ജാക്കറ്റാണ് ധരിക്കാറുള്ളത്. സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിനിടെ എനിക്ക് ചൂട് തോന്നി ഞാൻ ആ ജാക്കറ്റ് അഴിച്ചുമാറ്റി. തൊട്ടുപിന്നാലെ അർജന്‍റീന ഒരു ഗോൾ വഴങ്ങി. ഞാൻ ഉടൻ തന്നെ ആ ജാക്കറ്റ് തിരിച്ചിട്ടു. അതിനുശേഷം ഇന്നുവരെ കളി കഴിയാതെ ഞാൻ അത് മാറ്റിയിട്ടില്ല."
പ്രസിഡന്‍റുമാരെ ഭയപ്പെടുത്തുന്ന 36 വർഷം പഴക്കമുള്ള 'ശാപം'
അർജന്‍റീനിയൻ പ്രസിഡന്‍റുമാർ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ നിന്നും മാറിനിൽക്കുന്നതിന് പിന്നിൽ ദശാബ്ദങ്ങൾ പഴക്കമുള്ള ശാപത്തിന്‍റെ മറ്റൊരു കഥയുമുണ്ട്.
1990-ലെ ഇറ്റലി ലോകകപ്പിലാണ് ഈ കഥയുടെ തുടക്കം. അന്ന് നിലവിലെ ചാമ്പ്യന്മാരായി കളത്തിലിറങ്ങിയ അർജന്‍റീനയുടെ ഉദ്ഘാടന മത്സരം കാണാൻ അന്നത്തെ അർജന്‍റീന പ്രസിഡന്‍റ് കാർലോസ് മെനെം മിലാനിലെ സ്റ്റേഡിയത്തിൽ നേരിട്ടെത്തിയിരുന്നു. എന്നാൽ അന്ന് ദുർബലരായ കാമറൂണിനോട് അർജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറി തോൽവി വഴങ്ങി. ഈ കനത്ത തോൽവിയോടെ പ്രസിഡന്‍റിന്‍റെ സാന്നിധ്യം ടീമിന് നിർഭാഗ്യം (Mufa) കൊണ്ടുവരുമെന്ന ശക്തമായ അന്ധവിശ്വാസം രാജ്യത്ത് പടർന്നുപിടിച്ചു.
അന്നുമുതൽ അർജന്‍റീനയുടെ പ്രധാന ടൂർണമെന്‍റുകളുടെ ഫൈനലുകളിൽ നിന്നും നിർണായക മത്സരങ്ങളിൽ നിന്നും രാജ്യത്തെ ഭരണാധികാരികൾ സ്റ്റേഡിയങ്ങളിൽ നേരിട്ടെത്താതെ മാറിനിൽക്കുന്നത് ഒരു പതിവായി മാറുകയായിരുന്നു. ആ 'നിർഭാഗ്യ ശാപം' ഭയന്നാണ് നിലവിലെ പ്രസിഡന്‍റ് ഹാവിയർ മിലെയ് ട്രംപിന്‍റെ വിഐപി ക്ഷണം പോലും നിരസിക്കാൻ തീരുമാനിച്ചത്.
