ലോകകപ്പ് പോരാട്ടത്തിന് ദിവസങ്ങൾ മാത്രം; ഇംഗ്ലണ്ട് ക്യാമ്പിൽ മോഷണം: ഹാരി കെയ്‌ന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളും പന്തുകളും കവർന്നു
കാൻസസ് സിറ്റി: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് അപ്രതീക്ഷിത തിരിച്ചടി. യു.എസിലെ കാൻസസ് സിറ്റിയിലുള്ള പരിശീലന ക്യാമ്പിലേക്ക് കളിക്കാരുടെ ബൂട്ടുകളും ഔദ്യോഗിക മാച്ച് പന്തുകളും അടക്കമുള്ള സാമഗ്രികൾ എത്തിച്ച വാഹനത്തിൽ നിന്നാണ് വൻ മോഷണം നടന്നത്. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ് ക്യാമ്പിൽ നിന്നും ഇംഗ്ലണ്ട് ടീമിന്റെ പരിശീലന കേന്ദ്രമായ സോപ്പ് സോക്കർ വില്ലേജിലേക്ക് (Swope Soccer Village) ഉപകരണങ്ങൾ കൊണ്ടുപോയ വാഹനമാണ് മോഷണത്തിനിരയായത്.
ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ, സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം എന്നിവരുടേത് ഉൾപ്പെടെ പ്രമുഖ കളിക്കാരുടെ ബൂട്ടുകളും പരിശീലനത്തിനായുള്ള ഔദ്യോഗിക പന്തുകളും മോഷ്ടിക്കപ്പെട്ടു. വണ്ടിയിലുണ്ടായിരുന്ന സാധനങ്ങളിൽ ആകെ ഒരു ഫുട്ബോൾ മാത്രമാണ് അവശേഷിച്ചതെന്നാണ് വിവരം. കായിക സാമഗ്രികൾക്ക് പുറമെ കോച്ചിങ് സ്റ്റാഫുകൾ ഉപയോഗിക്കുന്ന അനാലിസിസ് ടൂളുകൾ, വൈറ്റ്ബോർഡുകൾ, മസാജ് ടേബിളുകൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കാൻസസ് സിറ്റി പോലീസ് അന്വേഷണം ആരംഭിക്കുകയും സംശയാസ്പദമായ രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സാധനങ്ങൾ എത്തിക്കാൻ ഏൽപ്പിച്ച ഡ്രൈവർമാർക്ക് മോഷണത്തിൽ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ (FA) പ്രാദേശിക ഭരണകൂടവുമായി ചേർന്ന് നഷ്ടപ്പെട്ട സാധനങ്ങൾ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ബുധനാഴ്ച ക്രൊയേഷ്യക്കെതിരെ ടെക്സാസിലെ ഡാളസിലാണ് ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. പുതിയ കോച്ച് തോമസ് ടുഹെലിന്റെ കീഴിൽ ആദ്യ മത്സരത്തിനായുള്ള തന്ത്രങ്ങൾ മെനയുന്ന ഇംഗ്ലണ്ടിന് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ് ഈ സംഭവം. എങ്കിലും നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ ടീം ആദ്യ പരിശീലന സെഷനായി മൈതാനത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
