കെ എൽ രാഹുലിന് സെഞ്ച്വറി; ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ
ന്യൂസിലാൻഡിനെതിരെ കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. സെഞ്ച്വറി നേടിയ കെഎൽ രാഹുലിന്റെയും അർധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. ടോസ് നേടിയ ന്യൂസിലാൻഡ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കെഎൽ രാഹുൽ 92 പന്തിൽ ഒരു സിക്‌സും 11 ഫോറും സഹിതം 112 റൺസുമായി പുറത്താകാതെ നിന്നു
മികച്ച തുടക്കമാണ് ഇന്ത്യക്ക് വേണ്ടി രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. 38 പന്തിൽ 24 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്. പിന്നാലെ ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി തികച്ചു. സ്‌കോർ ബോർഡ് 99ൽ എത്തി നിൽക്കെ ഗില്ലും പുറത്തായി. 53 പന്തിൽ 9 ഫോറും ഒരു സിക്‌സും ഉൾപ്പെടെ 56 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്
ശ്രേയസ് അയ്യർക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 8 റൺസാണ് അയ്യർ എടുത്തത്. വിരാട് കോഹ്ലി 23 റൺസിന് വീണു. പിന്നാലെ ക്രീസിലൊന്നിച്ച കെഎൽ രാഹുലും രവീന്ദ്ര ജഡേജയും ചേർന്ന് സ്‌കോർ 191 വരെ എത്തിച്ചു. ജഡേജ 27 റൺസെടുത്ത് പുറത്തായി. നിതീഷ് കുമാർ റെഡ്ഡി 20 റൺസും ഹർഷിത് റാണ 2 റൺസുമെടുത്തു.
49ാം ഓവറിലെ അവസാന പന്തിൽ സിക്‌സർ പറത്തിയാണ് രാഹുൽ സെഞ്ച്വറി തികച്ചത്. 87 പന്തിലാണ് രാഹുൽ മൂന്നക്കത്തിലെത്തിയത്. സിറാജ് 4 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി ക്രിസ്റ്റിയൻ ക്ലാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കെയ്ൽ ജമീസൺ, സാക് ഫൂൽക്‌സ്, ജയ്ഡൻ ലിനക്‌സ്, മിച്ചൽ ബ്രേസ് വെൽ എന്നിവർ ഓരോ വിക്കറ്റും നേടി.
