190 റണ്‍സ് ലീഡ്; എന്നിട്ടും ഇന്ത്യ തോറ്റു: ചരിത്രത്തില്‍ ഇതാദ്യം- നാണക്കേട്

Spoarts

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ അനായാസ ജയം സ്വപ്‌നം കണ്ടിരുന്നവര്‍ ഞെട്ടിയിരിക്കുകയാണ്. 28 റണ്‍സിന് ഇന്ത്യയെ മുട്ടുകുത്തിച്ചിരിക്കുകയാണ് സന്ദര്‍ശകരായ ഇംഗ്ലണ്ട്. 231 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തി ടോം ഹാര്‍ട്ട്‌ലിയുടെ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടാന്‍ ഇന്ത്യക്കായിരുന്നു.

എന്നിട്ടും ഇന്ത്യ തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. നാട്ടില്‍ 100ലധികം റണ്‍സിന്റെ ലീഡ് നേടിയിട്ടും ഇന്ത്യ തോല്‍ക്കുന്നത് ഇതാദ്യമായാണ്. എന്തായാലും വലിയ നാണക്കേടായി ഈ തോല്‍വി ഇന്ത്യക്ക് മാറിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ തൊട്ടതെല്ലാം ഇന്ത്യക്ക് പിഴച്ചു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് 42 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്.

ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട് ഫിഫ്റ്റി നേടിയ യശ്വസി ജയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 35 പന്തില്‍ 15 റണ്‍സാണ് നേടിയത്. ടോം ഹാര്‍ട്ട്‌ലിയാണ് ജയ്‌സ്വാളെ പുറത്താക്കിയത്. പിന്നാലെയെത്തിയ ശുബ്മാന്‍ ഗില്‍ രണ്ട് പന്ത് നേരിട്ട് ഡെക്കിന് പുറത്തായി. വിരാട് കോലിയുടെ അഭാവത്തില്‍ എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലായിരുന്നു. 58 പന്തില്‍ 39 റണ്‍സ് നേടാന്‍ രോഹിത്തിനായി. എന്നാല്‍ സമ്മര്‍ദ്ദം ബാധിച്ചതോടെ ടൈമിങ് തെറ്റി ഹാര്‍ട്ട്‌ലിക്ക് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി.

പ്രമോഷന്‍ ലഭിച്ചെത്തിയ അക്ഷര്‍ പട്ടേല്‍ 17 റണ്‍സില്‍ പുറത്തായി. ശ്രേയസ് അയ്യര്‍ അല്‍പ്പനേരം പിടിച്ചുനിന്നെങ്കിലും 13 റണ്‍സുമായി മടങ്ങി. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോററായ രവീന്ദ്ര ജഡേജ 2 റണ്‍സില്‍ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. കെ എസ് ഭരത് (28) പൊരുതിനോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ആര്‍ അശ്വിനും 28 റണ്‍സില്‍ മടങ്ങി. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ക്കൊന്നും അവസരത്തിനൊത്ത് ഉയരാനായില്ല.

ഇതോടെ നാണംകെട്ട തോല്‍വി ടീമിന് നേരിടേണ്ടി വരികയായിരുന്നു. 2014 മുതല്‍ 2022വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യ നാട്ടില്‍ 2 ടെസ്റ്റാണ് തോറ്റത്. എന്നാല്‍ അവസാനം നാട്ടില്‍ കളിച്ച മൂന്ന് ടെസ്റ്റിലും ഇന്ത്യ തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയുടേയും അജിന്‍ക്യ രഹാനെയുടേയും അഭാവം ഇന്ത്യയെ എത്രത്തോളം ബാധിച്ചുവെന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിരാട് കോലിയും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇല്ലായിരുന്നു. റണ്‍സ് പിന്തുടരുന്ന സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഇന്ത്യയുടെ യുവതാരനിരക്ക് മുട്ടിടിച്ചു. അമിത പ്രതിരോധത്തിന് ശ്രമിച്ചാണ് ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടത്. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒലിപോപ്പിന്റെ 196 റണ്‍സ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇന്ത്യയുടെ സ്പിന്നര്‍മാരെയെല്ലാം അടിച്ചുപറത്തി തകര്‍പ്പന്‍ പ്രകടനമാണ് പോപ്പ് കാഴ്ചവെച്ചത്.

ഇതാണ് 420 എന്ന മികച്ച ടോട്ടലിലേക്ക് ടീമിനെ എത്തിച്ചതും 231 എന്ന മികച്ച വിജയലക്ഷ്യം മുന്നോട്ട് വെക്കാനും ഇംഗ്ലണ്ടിനെ സഹായിച്ചത്. എന്തായാലും നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വലിയ തിരിച്ചടിയാകുന്ന പരാജയമാണിത്. ടീം തിരഞ്ഞെടുപ്പിലടക്കമുള്ള പാളിച്ചകള്‍ തുറന്ന് കാട്ടുന്ന തോല്‍വിയാണിതെന്ന് പറയാം. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാവുന്ന തോല്‍വിയാണിത്. രണ്ടാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് ഇന്ത്യക്ക് നടത്തേണ്ടതായുണ്ട്.

എന്നാല്‍ നിലവിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ രണ്ടാം ടെസ്റ്റിലും കാര്യങ്ങള്‍ എളുപ്പമല്ല. സ്പിന്നിനെ നേരിടാന്‍ ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാരും പ്രയാസപ്പെടുന്നു. ഇതിന് മാറ്റം വന്നില്ലെങ്കില്‍ തോല്‍വി ആവര്‍ത്തിക്കുമെന്നുറപ്പ്.

Share this story