ലോകകപ്പിനു ശേഷം ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി

Cricket Team

ട്വന്‍റി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വൻതോതിലുള്ള അഴിച്ചുപണി. പ്രത്യേകിച്ച് ട്വന്‍റി20 ഫോർമാറ്റിലായിരിക്കും ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുന്നത്. രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും അടക്കമുള്ള സീനിയർ താരങ്ങൾ ഭാവിയിൽ ട്വന്‍റി20 ടീമിലേക്ക് പരിഗണിക്കപ്പെടാനിടയില്ല. ഇന്ത്യ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും കാര്യമായ മാറ്റം തന്നെ പ്രതീക്ഷിക്കാം.

ലോകകപ്പിനു ശേഷം ട്വന്‍റി20 പരമ്പരയിൽ ഇന്ത്യ സിംബാബ്‌വെയെ നേരിടുമ്പോൾ ഭാവി ഇന്ത്യൻ ടീമിന്‍റെ ന്യൂക്ലിയസ് ദൃശ്യമാകുമെന്നു പ്രതീക്ഷിക്കാം. രാഹുൽ ദ്രാവിഡിന്‍റെ പിൻഗാമിയായി വരുന്നയാൾ ആ‍യിരിക്കും ഈ പരമ്പരയിൽ ടീമിനെ പരിശീലിപ്പിക്കുക. രോഹിത് ശർമയുടെ സ്ഥാനത്ത് പുതിയ ക്യാപ്റ്റനും വരും. അച്ചടക്കലംഘനത്തിന് ബിസിസിഐ കരാർ റദ്ദാക്കിയ ശ്രേയസ് അയ്യരുടെ മടങ്ങിവരവിനും ഈ പരമ്പര സാക്ഷ്യം വഹിച്ചേക്കും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ജേതാക്കളാക്കിയ നായകനാണ് ശ്രേയസ്.

അതേസമയം, ശ്രേയസിനൊപ്പം നടപടി നേരിട്ട വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്‍ തിരിച്ചുവരവിന് ഇനിയും ഏറെ അധ്വാനിക്കേണ്ടി വരും. ഐപിഎല്ലിൽ കിഷന്‍റെ പ്രകടനം പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നിരുന്നില്ല. മറ്റൊരു വിക്കറ്റ് കീപ്പറെ ഇന്ത്യ തേടുന്നുണ്ടെങ്കിൽ ധ്രുവ് ജുറലിനായിരിക്കും അടുത്ത നറുക്ക്.

ഓപ്പണർ അഭിഷേക് ശർമ, മധ്യനിര ബാറ്റർ റിയാൻ പരാഗ്, ഫാസ്റ്റ് ബൗളർ മായങ്ക് യാദവ്, പേസ് ബൗളിങ് ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ തുടങ്ങിയവർ സമീപഭാവിയിൽ ട്വന്‍റി20 ദേശീയ ടീമിലെത്തിയേക്കും

ടി20 ലോകകപ്പ് കളിച്ച സീനിയർ താരങ്ങൾക്കെല്ലാം സിംബാബ്‌വെ പര്യടനത്തിൽ വിശ്രമം അനുവദിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ശുഭ്മൻ ഗില്‍, റിങ്കു സിങ് തുടങ്ങിയവർ ടീമിൽ തിരിച്ചെത്തും. ലോകകപ്പിലെ പര്യടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സഞ്ജു സാംസണ് ടീമിലെ ഭാവി.

രവീന്ദ്ര ജഡേജയുടെ സ്ഥാനത്ത് അക്ഷർ പട്ടേൽ ട്വന്‍റി20 ടീമിൽ പതിവാകാൻ സാധ്യത ഏറെയാണ്. അധ്വാനഭാരം കണക്കിലെടുത്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയും ട്വന്‍റി20 ഫോർമാറ്റിൽ ഇനി സ്ഥിരമായി കളിപ്പിക്കാൻ സാധ്യതയില്ല.

Share this story