പ്രായപൂർത്തിയാകാത്ത താരത്തെ കൊണ്ട് മസാജ്; യുപിയിൽ ക്രിക്കറ്റ് പരിശീലകന് സസ്‌പെൻഷൻ
Fri, 10 Feb 2023

യുപിയിൽ പ്രായപൂർത്തിയാകാത്ത താരത്തെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ ക്രിക്കറ്റ് പരിശീലകനെ സസ്‌പെൻഡ് ചെയ്തു. ദേവരിയയിലെ രവീന്ദ്ര കിഷോർ ഷാഹി സ്‌പോർട്‌സ് സ്‌റ്റേഡിയത്തിലെ പരിശീലകനായ അബ്ദുൽ അഹദിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോച്ചും വാർഡനുമാണ് അബ്ദുൽ അഹദ്
ഹോസ്റ്റലിനുള്ളിൽ പ്രായപൂർത്തിയാകാത്ത ക്രിക്കറ്റ് ട്രെയിനിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. തുടർന്നാണ് സ്‌പോർട്‌സ് ഡയറക്ടർ ഡോ. ആർ പി സിംഗ് നടപടി സ്വീകരിച്ചത്. പരിശീലകനെതിരെ താരം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. പരിശീലകൻ മോശമായി സംസാരിച്ചെന്നും മസാജ് ചെയ്യാൻ നിർബന്ധിച്ചെന്നും വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ലെന്നുമാണ് താരം ആരോപിക്കുന്നത്.