എംബാപ്പെ പിഎസ്‌ജി വിടുന്നു; റയലിലേക്കെന്ന് സൂചന

ഫ്രഞ്ച് ഫുട്ബോളിലെ സൂപ്പർ താരം കിലിയന്‍ എംബാപ്പെ പിഎസ്‌ജി വിടുന്നു എന്നു സൂചന. സ്പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡിലേക്കാണ് കൂടുമാറ്റമെന്നാണ് റിപ്പോർട്ട്. ഈ സീസണൊടുവില്‍ പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ താരം റയലിനൊപ്പം ചേരുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎസ്‌ജിയുമായി എംബാപ്പെയ്ക്കുള്ള കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. അതു പുതുക്കേണ്ടെന്നാണ് താരത്തിന്‍റെ തീരുമാനമെന്നറിയുന്നു. കരാര്‍ പുതുക്കാൻ എംബാപ്പെക്ക് 7.2 കോടി യൂറോ ശമ്പള വർധന പിഎസ്‌ജി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം വഴിങ്ങിയിട്ടില്ല.

ഇതോടെ എംബാപ്പെയ്ക്ക് ഫ്രീ ഏജന്‍റായി ക്ലബ് വിടാനും മറ്റേതു ക്ലബ്ബുമായും കരാറിലെത്താനും സാധിക്കും. ട്രാൻസ്ഫർ ഫീസ് നൽകേണ്ടതില്ലാത്തതിനാൽ പുതിയ ക്ലബ്ബിനും ലാഭം.

2017ല്‍ മൊണാക്കോയില്‍ നിന്ന് 18 കോടി യൂറോ നല്‍കിയാണ് എംബാപ്പയെ പിഎസ്ജി സ്വന്തമാക്കിയത്. വായ്പാ അടിസ്ഥാനത്തിലുള്ള മാറ്റം പിന്നീട് സ്ഥിരപ്പെടുത്തുകയായിരുന്നു.

എംബാപ്പെയുടെ ആരാധനാപാത്രങ്ങളായ സിനദിന്‍ സിദാന്‍റെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയുമൊക്കെ പഴയ ക്ലബ്ബാണ് റയൽ എന്നതും അദ്ദേഹത്തിന് അവിടേക്കുള്ള ആകർഷണമാണ്. എസി മിലാന്‍റെ റാഫേല്‍ ലിയോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മാർക്കസ് റാഷ്ഫോർഡ് തുടങ്ങിയവരെ എംബാപ്പെയ്ക്ക് പകരം ടീമിലെത്തിക്കാൻ പിഎസ്‌ജിയും ശ്രമം തുടങ്ങിക്കഴിഞ്ഞു.

Share this story