ജോർദാനെതിരെ മെസി ആദ്യ ഇലവനിലില്ല; താരം ബെഞ്ചിലിരിക്കുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ സ്കലോനി

മെസ്സി

ഡാലസ്: ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ ജോർദാനെ നേരിടാനൊരുങ്ങുന്ന അർജന്റീന ടീമിൽ നിർണായക മാറ്റം. സൂപ്പർ താരം ലയണൽ മെസി മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് പരിശീലകൻ ലയണൽ സ്കലോനി സ്ഥിരീകരിച്ചു. "ലിയോ ബെഞ്ചിലായിരിക്കും തുടങ്ങുക," വാർത്താസമ്മേളനത്തിൽ മുതിർന്ന അർജന്റീനിയൻ റേഡിയോ ജേണലിസ്റ്റ് എൻറിക് മക്കായ മാർക്കസിന്റെ ചോദ്യത്തിന് മറുപടിയായി സ്കലോനി വ്യക്തമാക്കി.

​അൾജീരിയ, ഓസ്ട്രിയ എന്നിവർക്കെതിരായ മത്സരങ്ങൾ വിജയിച്ച് അർജന്റീന ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. മുൻ മത്സരങ്ങളിൽ ടീം നേടിയ അഞ്ച് ഗോളുകളും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചതിനാൽ നോക്കൗട്ട് മത്സരങ്ങൾ മുന്നിൽക്കണ്ട് മറ്റു കളിക്കാർക്ക് അവസരം നൽകാനാണ് മെസിയെ ആദ്യ ഇലവനിൽ നിന്ന് മാറ്റുന്നതെന്ന് കോച്ച് സൂചിപ്പിച്ചു. എന്നാൽ, ടീം ദുർബലപ്പെടുത്തുകയാണെന്ന വിമർശനങ്ങൾ അദ്ദേഹം തള്ളി. എല്ലാവരും ആദ്യ ഇലവനിൽ കളിക്കാൻ യോഗ്യരാണെന്നും എല്ലാവർക്കും അവസരം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സ്കലോനി കൂട്ടിച്ചേർത്തു.

​തുടർച്ചയായ രണ്ട് തോൽവികളോടെ ടൂർണമെന്റിൽ നിന്ന് പുറത്തായ ജോർദാൻ, അർജന്റീനയ്ക്കെതിരെ പ്രതിരോധത്തിലൂന്നിയാകും കളിക്കുകയെന്നാണ് വിലയിരുത്തൽ. ജോർദാൻ സാധാരണയായി അഞ്ച് പ്രതിരോധനിര താരങ്ങളെ വച്ചാണ് കളിക്കാറെന്നും, മത്സരത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ അർജന്റീന തയാറാണെന്നും സ്കലോനി വ്യക്തമാക്കി. നാളെ രാവിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Tags

Share this story