യാഷ് ദയാലിനെ ചവറെന്ന് വിളിച്ച് മുരളി കാർത്തിക്ക്; അവൻ നിധിയാണെന്ന് ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ്

ഐപിഎല്ലിനിടെ കമന്ററി വിവാദത്തിൽ കുരുങ്ങി മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. ബംഗളൂരുവിന്റെ യാഷ് ദയാലിനെ കുറിച്ചുള്ള കമന്റാണ് മുരളിയെ എയറിലാക്കിയത്. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ യാഷ് നാല് ഓവറിൽ വഴങ്ങിയത് വെറും 23 റൺസ് മാത്രമായിരുന്നു. ഒരു വിക്കറ്റും താരം സ്വന്തമാക്കി. ഒരു ടീമിന് ചവറായിരുന്നയാൾ മറ്റൊരു ടീമിന് നിധി ആയി മാറുന്ന കാഴ്ച എന്നായിരുന്നു മുരളി കാർത്തിക്കിന്റെ കമന്റ്

സംഭവം നല്ല അർഥത്തിൽ പറഞ്ഞതാണെങ്കിലും മുരളി കാർത്തിക്കിന്റെ ട്രാഷ്-ട്രഷർ പരാമർശം ആരാധകരെ ചൊടിപ്പിച്ചു. യാഷിനെ ലൈവ് മത്സരത്തിനിടെ ചവറെന്ന് വിശേഷിപ്പിച്ച മുരളി കാർത്തിക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മാച്ചിൽ ഒരോവറിൽ അഞ്ച് സിക്‌സുകൾ യാഷ് വിട്ടുകൊടുത്തിരുന്നു. ഇതിനെ സൂചിപ്പിച്ചായിരുന്നു മുരളി കാർത്തിക്കിന്റെ വാക്കുകൾ

റിങ്കു സിംഗാണ് യാഷിനെ ഓരോവറിൽ അഞ്ച് സിക്‌സറുകൾ പായിച്ചത്. ജയമുറപ്പിച്ച ഗുജറാത്ത് ഈ ഓവറോടെ തോൽവിയുമേറ്റുവാങ്ങി. മാനസികമായി ഏറെ തളർന്ന യാഷിന് ഗുജറാത്ത് പിന്തുണ നൽകിയിരുന്നുവെങ്കിലും ഈ സീസണിൽ നിലനിർത്താൻ തയ്യാറായില്ല. എന്നാൽ ആർ സി ബി അഞ്ച് കോടിക്ക് യാഷിനെ ഇത്തവണ സ്വന്തമാക്കുകയായിരുന്നു

നിങ്ങൾക്കെങ്ങനെ ഒരാളെ ഓൺ എയറിൽ ചവർ എന്ന് വിശേഷിപ്പിക്കാനാകും എന്ന് ചോദിച്ച് ചലചിത്ര താരം ഡാനിഷ് സെയ്ത് അടക്കം മുരളി കാർത്തിക്കിനെതിരെ രംഗത്തുവന്നു. ഇതോടെ ആർസിബിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലും മുരളി കാർത്തിക്കിന് മറുപടി എത്തി. അവൻ നിധി ആണ് എന്നായിരുന്നു യാഷിന്റെ ചിത്രം പങ്കുവെച്ച് ആർസിബി നൽകിയ മറുപടി.
 

Share this story