അവസാന പന്തിൽ ജയവുമായി ന്യൂസിലാൻഡ്; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

kiwi

ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡിന് തകർപ്പൻ ജയം. അഞ്ചാം ദിനത്തിൽ വിജയലക്ഷ്യമായ 285 റൺസ് അവസാന പന്തിലാണ് ന്യൂസിലാൻഡ് എത്തിയത്. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെയായിരുന്നു കിവീസിന്റെ ജയം. ആദ്യ ടെസ്റ്റിൽ ശ്രീലങ്ക പരാജയപ്പെട്ടതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലും കടന്നു. ന്യൂസിലാൻഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വൈറ്റ് വാഷ് വിജയം നേടിയാൽ മാത്രമേ ശ്രീലങ്കക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളു

 285 റൺസിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിനെ വിജയലക്ഷ്യത്തിലെത്തിച്ചത് കെയ്ൻ വില്യംസണിന്റെ അപരാജിത സെഞ്ച്വറിയാണ്. 194 പന്തിൽ 121 റൺസുമായി വില്യംസൺ പുറത്താകാതെ നിന്നു. ഡാരിൽ മിച്ചൽ 81 റൺസെടുത്തു. അഞ്ചാം ദിനം അവസാന ഓവറിലെ മൂന്നാം പന്തിൽ എട്ടാം വിക്കറ്റ് നഷ്ടമാകുമ്പോൾ ന്യൂസിലാൻഡിന് അഞ്ച് റൺസ് കൂടി വേണമായിരുന്നു. 

നാലാം പന്തിൽ വില്യംസൺ ബൗണ്ടറി കടത്തി. അഞ്ചാം പന്തിൽ റൺസൊന്നും എടുക്കാനായില്ല. ഇതോടെ അവസാന പന്തിൽ ഒരു റൺസ് വിജയത്തിന് എന്ന നിലയിലെത്തി. അവസാന ബോളിൽ ബൈ റൺസ് ഓടിയാണ് കിവീസ് ജയം പിടിച്ചെടുത്തത്. 

ഒന്നാമിന്നിംഗ്‌സിൽ ശ്രീലങ്ക 355 റൺസാണ് എടുത്തത്. ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 373 റൺസ് എടുത്തു. ശ്രീലങ്ക രണ്ടാമിന്നിംഗ്‌സിൽ 302ന് പുറത്തായതോടെയാണ് കിവീസിന് 285 റൺസ് എന്ന വിജയലക്ഷ്യം കുറിക്കപ്പെട്ടത്.
 

Share this story