നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; ലോകകപ്പ് സ്വപ്‌നങ്ങൾക്ക് കരിനിഴൽ
രണ്ട് വർഷം മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത് കാൽമുട്ടിനാണ് ഇപ്പോൾ ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുന്നത്. ആർത്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മർ വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ബ്രസീൽ ഫുട്ബോൾ ലീഗിൽ സാന്റോസിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചെടുത്തത് നെയ്മറിന്റെ പ്രകടനമായിരുന്നു. നെയ്മറിന്റെ ഇടത് കാൽമുട്ടിലെ മീഡിയൽ മെനിസ്‌കസുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ സാന്റോസ് എഫ്സി അറിയിച്ചിരിക്കുന്നത്.
നോവ ലിമയിലെ മാറ്റർ ഡി ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നൽകിയ ഡോ. റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും വരും ദിവസങ്ങളിൽ നെയ്മർ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 2026ലെ ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടാൻ ആഗ്രഹിച്ചിരിക്കുന്ന നെയ്മറിന് തിരിച്ചടിയാണ് നിലവിലെ പരുക്ക്
