ഈ ലോകകപ്പിൽ ഒരു ടീമും പ്രബലരല്ല; ഈജിപ്തിനെതിരെ ജാഗ്രത വേണം: മെസ്സിയുടെ ഫിറ്റ്നസ് വ്യക്തമാക്കി ലയണൽ സ്കലോണി
അറ്റ്ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ നേരിടാനൊരുങ്ങുന്ന അർജന്റീന ക്യാമ്പിൽ നിന്ന് ജാഗ്രതയുടെ വാക്കുകളുമായി പരിശീലകൻ ലയണൽ സ്കലോണി. ഈ ലോകകപ്പിൽ ഒരു ടീമിനും തങ്ങളുടെ പഴയ ഫോം പൂർണ്ണമായി നിലനിർത്താൻ കഴിഞ്ഞിട്ടില്ലെന്നും പൂർണ്ണമായി ആധിപത്യം പുലർത്തുന്ന ഒരു ടീമും നിലവിലില്ലെന്നും സ്കലോണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തിൽ കേപ് വെർഡെയ്‌ക്കെതിരെ അധിക സമയത്തേക്ക് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് (3-2) നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അറ്റ്ലാന്റയിലെ നോക്കൗട്ട് സ്റ്റേജിലേക്ക് യോഗ്യത നേടിയത്. ഈ സാഹചര്യത്തിലാണ് ടീമിന്റെ ശാരീരികക്ഷമതയെയും ഈജിപ്തിന്റെ വെല്ലുവിളിയെയും കുറിച്ച് കോച്ച് സംസാരിച്ചത്.
ഫ്രാൻസും സ്പെയിനും ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾ പോലും ഈ ലോകകപ്പിൽ കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നതിനാൽ താരങ്ങൾ കടുത്ത ക്ഷീണത്തിലാണ്," സ്കലോണി പറഞ്ഞു.
അർജന്റീന ആരാധകർക്ക് ആശ്വാസം നൽകിക്കൊണ്ട് ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഫിറ്റ്നസ് വാർത്തകളും അദ്ദേഹം പങ്കുവെച്ചു. 39-ാം വയസ്സിലും കഴിഞ്ഞ മത്സരത്തിൽ 120 മിനിറ്റ് പൂർണ്ണമായി കളിച്ച മെസ്സിക്ക് യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളും ഇല്ലെന്നും അദ്ദേഹം പൂർണ്ണ സജ്ജനാണെന്നും കോച്ച് സ്ഥിരീകരിച്ചു.
ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായെക്കുറിച്ചുള്ള ചോദ്യത്തിന്, സലാ ലോകോത്തര കളിക്കാരനാണെന്നും അദ്ദേഹത്തെ നേരിടുന്നത് സന്തോഷമുള്ള കാര്യമാണെന്നും പറഞ്ഞ സ്കലോണി, സലായെ പൂട്ടാൻ വ്യക്തിഗതമായതിനേക്കാൾ ഉപരി കൂട്ടായ പ്രതിരോധ തന്ത്രങ്ങൾ അർജന്റീന പുറത്തെടുക്കുമെന്നും കൂട്ടിച്ചേർത്തു. ഈ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ കൊളംബിയ ടീമിനെ നേരിടും..
