പാക്കിസ്ഥാന്റെ ആവശ്യം തള്ളി; ആൻഡി പൈക്രോഫ്റ്റ് ഏഷ്യാ കപ്പ് മാച്ച് റഫറിയായി തുടർന്നേക്കും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഐസിസി തള്ളിയേക്കും. വരാനിരിക്കുന്ന മത്സരങ്ങളിലും പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരും. ഔദ്യോഗികമായി ഐസിസി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും ഇത് തന്നെയാകും സംഭവിക്കുകയെന്നാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന
പാക്കിസ്ഥാനെ സംബന്ധിച്ച് വൻ തിരിച്ചടിയാണിത്. ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റൻ മറ്റേയാൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പാക് നായകന് സന്ദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഐസിസി വിലയിരുത്തുന്നു
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം നടത്തരുതെന്ന് പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നതായും പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നുമാണ് പാക്കിസ്ഥാൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. പൈക്രോഫ്റ്റ് പക്ഷപാതം കാണിച്ചെന്നും പാക്കിസ്ഥാൻ പറഞ്ഞിരുന്നു
അല്ലാത്ത പക്ഷം ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി. ഐസിസിക്ക് പുറമെ ക്രിക്കറ്റ് നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാക്കിസ്ഥാൻ പരാതി നൽകിയിട്ടുണ്ട്.