ധരംശാലയിൽ പഞ്ചാബ്-ഡൽഹി ഐപിഎൽ മത്സരം പാതിവഴിയിൽ നിർത്തി; താരങ്ങൾക്ക് മടങ്ങാൻ പ്രത്യേക ട്രെയിൻ
May 9, 2025, 08:39 IST

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്-ഡൽഹി കാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു. ധരംശാല സ്റ്റേഡിയത്തിലെ ഫ്‌ളെഡ് ലൈറ്റുകളിലൊന്ന് പ്രവർത്തിക്കാത്തതിനാലാണ് മത്സരം വേണ്ടെന്ന് വെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ധരംശാലയിൽ മത്സരം നടത്തുന്നതിൽ നേരത്തെ ആശയക്കുഴപ്പമുണ്ടായിരുന്നു ധരംശാല വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് താരങ്ങൾക്ക് മടങ്ങുന്നതിനായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയതായി വിവരമുണ്ട്. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തുടരുന്നതിനിടെ 10.1 ഓവർ പിന്നിട്ടപ്പോഴായിരുന്നു ലൈറ്റുകൾ തകരാറിലായത്. ഈ സമയത്ത് പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുത്ത് നിൽക്കുകയായിരുന്നു 11 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുമായി ഡൽഹി അഞ്ചാം സ്ഥാനത്തും. ധരംശാലയിൽ മെയ് 11ന് നടക്കേണ്ട പഞ്ചാബ്-മുംബൈ മത്സരം അഹമ്മദാബാദിലേക്ക് മാറ്റിയിട്ടുണ്ട്.