ഐസിസി ഏകദിന റാങ്കിംഗും തൂക്കി രോ-കോ സഖ്യം; രോഹിത് ഒന്നാമത്, കോഹ്ലി രണ്ടാം സ്ഥാനത്ത്
ഐസിസി ഏകദിന റാങ്കിംഗിലും രോഹിത്-കോഹ്ലി സഖ്യത്തിന്റെ തേരോട്ടം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ രോഹിത് ശർമ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. പരമ്പരയിലെ രണ്ട് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും അടക്കമുള്ള പ്രകടനത്തോടെ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തേക്കും കുതിച്ചെത്തി
781 റേറ്റിംഗ് പോയിന്റുമായാണ് രോഹിത് ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാലാം സ്ഥാനത്ത് നിന്നാണ് കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. കോഹ്ലിക്ക് 773 റേറ്റിംഗ് പോയിന്റുണ്ട്. രോഹിതുമായി എട്ട് പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് കോഹ്ലിക്കുള്ളത്. 2021ലാണ് കോഹ്ലി അവസാനമായി ഒന്നാം സ്ഥാനത്ത് എത്തിയത്
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചില്ലെങ്കിലും ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനം നിലനിർത്തി. 723 പോയിന്റാണ് ഗില്ലിനുള്ളത്. 722 പോയിന്റുള്ള ബാബർ അസം നാലാം സ്ഥാനത്തുണ്ട്. കെഎൽ രാഹുൽ രണ്ട് സ്ഥാനം ഉയർന്ന് 12ാം സ്ഥാനത്ത് എത്തി. ബൗളർമാരുടെ റാങ്കിംഗിൽ കുൽദീപ് യാദവ് മൂന്ന് സ്ഥാനം ഉയർന്ന് മൂന്നാം റാങ്കിലെത്തി.
