ലോകകപ്പ് തോൽവിക്ക് പിന്നാലെ റോബർട്ടോ മാർട്ടിനസ് പോർച്ചുഗൽ പരിശീലക സ്ഥാനം ഒഴിഞ്ഞു

SP

ലിസ്ബൺ: 2026 ലോകകപ്പിലെ അപ്രതീക്ഷിത പുറത്താകലിലിന് പിന്നാലെ പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് റോബർട്ടോ മാർട്ടിനസ്. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിന് തൊട്ടുപിന്നാലെയാണ് താൻ സ്ഥാനം ഒഴിയുകയാണെന്ന് മാർട്ടിനസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പോർച്ചുഗലിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ ചുമതല ഏറ്റെടുത്തത്. ആ ലക്ഷ്യം നേടാൻ കഴിയാത്ത സാഹചര്യത്തിൽ ഇനി പരിശീലകനായി തുടരുന്നതിൽ അർത്ഥമില്ല," - മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ മാർട്ടിനസ് വ്യക്തമാക്കി. പോർച്ചുഗൽ ടീമിന് ഇനി പുതിയൊരു ദിശാബോധവും പുതിയൊരു നേതൃത്വവുമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​2023-ൽ പോർച്ചുഗലിന്റെ പരിശീലകനായി ചുമതലയേറ്റ സ്പാനിഷ് പരിശീലകനായ റോബർട്ടോ മാർട്ടിനസിന്റെ കീഴിൽ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. അദ്ദേഹത്തിന്റെ കീഴിൽ 2025-ൽ പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടിയിരുന്നു. എന്നാൽ ലോകകപ്പിൽ ടീമിനെ ക്വാർട്ടറിലെത്തിക്കാൻ അദ്ദേഹത്തിനായില്ല.

​മാർട്ടിനസിന്റെ പടിയിറക്കത്തിനൊപ്പം, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പ് മത്സരമായിരുന്നു സ്പെയിനെതിരെയുള്ളത്. റൊണാൾഡോയുടെ കളിത്തോഴനായിരുന്ന മാർട്ടിനസ്, അദ്ദേഹത്തിന്റെ കരിയറിലെയും കളിയിലെയും സംഭാവനകളെ വാർത്താസമ്മേളനത്തിൽ പ്രശംസിക്കാനും മറന്നില്ല. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഇനി പുതിയൊരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കും.

Tags

Share this story