ചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ: 43ാം വയസിൽ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻ

SPOARTS

43ാം വയസിൽ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ഡബിൾസിൽ കിരീടം നേടിക്കൊണ്ട് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ചരിത്രം തിരുത്തി. പുരുഷ വിഭാഗം ടെന്നീസിൽ ഏറ്റവും പ്രായം കൂടിയ ഗ്രാൻഡ്സ്ലാം ചാംപ്യൻ എന്ന റെക്കോഡാണ് ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം കളിക്കാനിറങ്ങിയ ബൊപ്പണ്ണ സ്വന്തമാക്കിയിരിക്കുന്നത്.

ഫൈനലിൽ ഇറ്റലിയുടെ സൈമൺ ബൊലേലി - ആൻഡ്രിയ വാവസോറി സഖ്യത്തെയാണ് ഇന്തോ - ഓസ്ട്രേലിയൻ ജോടി തുടർച്ചയായ സെറ്റുകളിൽ കീഴടക്കിയത്. സ്കോർ: 7-6 (7-0), 7-5.

നേരത്തെ, ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ഇതോടെ, ഏറ്റവും കൂടിയ പ്രായത്തിൽ ലോക ഒന്നാം നമ്പറാകുന്ന നേട്ടവും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിരുന്നു.

ഡബിൾസ് വിഭാഗത്തിൽ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന നാലാമത്തെ മാത്രം ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാൻഡർ പേസും മഹേഷ് ഭൂപതിയും സാനിയ മിർസയുമാണ് മറ്റു മൂന്നു പേർ. സിംഗിൾസ് ഇനത്തിൽ ഇന്ത്യക്കാർ ആരും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല.

Share this story