ഇന്ത്യയെ രക്ഷിച്ചത് സ്‌റ്റോക്‌സ്; കാട്ടിയത് ആന മണ്ടത്തരങ്ങൾ

England

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ലീഡുമായി ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കായി. പിന്നീടങ്ങോട്ട് ബാറ്റുകൊണ്ടും കസറിയ ഇന്ത്യ ഡ്രൈവിങ് സീറ്റിലേക്കുമെത്തിയിരിക്കുകയാണ്. ഇന്ത്യ രണ്ടാം ദിനം ലീഡെടുത്ത് കുതിക്കുമ്പോള്‍ ഏറ്റവും നന്ദി പറയേണ്ടത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനോടാണ്. ഇന്ത്യയെ രക്ഷിച്ചത് സ്‌റ്റോക്‌സിന്റെ പിഴവുകളാണെന്ന് പറയാം.

ഒന്നാമത്തെ കാര്യം സ്‌റ്റോക്‌സ് ആദ്യ ദിനം 14 ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും റിവ്യൂ പൂര്‍ത്തിയാക്കി എന്നതാണ്. മൂന്ന് റിവ്യൂവാണ് ഒരു ടീമിന് ലഭിക്കുക. ടെസ്റ്റില്‍ വെറും 14 ഓവറിനുള്ളില്‍ ഈ റിവ്യൂ എല്ലാം സ്‌റ്റോക്‌സ് നഷ്ടപ്പെടുത്തി. ദീര്‍ഘ വീക്ഷണമില്ലാതെ ബൗളറുടെ വാക്ക് മാത്രം ശ്രവിച്ചാണ് സ്‌റ്റോക്‌സ് ഇത്തരമൊരു മണ്ടത്തരം കാട്ടിയത്. ഇത് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് വലിയ ഗുണം ചെയ്തുവെന്നതാണ് വസ്തുത.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. എന്നാല്‍ ജഡേജയെ ജോ റൂട്ട് എല്‍ബിയില്‍ കുടുക്കിയതായിരുന്നു. അംപയര്‍ നോട്ടൗട്ട് വിളിച്ചപ്പോള്‍ റിവ്യൂ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇംഗ്ലണ്ട്. സ്‌റ്റോക്‌സ് കാട്ടിയ മണ്ടത്തരമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ജഡേജയെ തുടക്കത്തിലേ പുറത്താക്കാനായിരുന്നെങ്കില്‍ വലിയ ലീഡിലേക്ക് പോകാതെ ഇന്ത്യയെ തടയാന്‍ ഇംഗ്ലണ്ടിന് സാധിക്കുമായിരുന്നു. എന്നാല്‍ സ്‌റ്റോക്‌സിന്റെ മണ്ടത്തരം ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചിരിക്കുകയാണ്.

ഒന്നിലധികം ഫിഫ്റ്റി ഫിഫ്റ്റി ഔട്ട് സാധ്യതകളും വന്നിരുന്നു. അപ്പോഴും റിവ്യൂ ചെയ്യാനാവാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. അംപയര്‍ ഔട്ട് വിളിച്ച പലതും ഇന്ത്യ ഫലപ്രദമായി റിവ്യൂ ചെയ്യുകയും ചെയ്തു. ആദ്യ ദിനം തന്നെ മൂന്ന് റിവ്യൂവുമെടുത്ത് സ്റ്റോക്‌സ് കാട്ടിയ അമിത ആത്മവിശ്വാസമാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. രണ്ടാം ദിനത്തിലേക്ക് ഒരു റിവ്യൂവെങ്കിലും മാറ്റിവെച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിനത് വലിയ ഗുണമായി മാറുമായിരുന്നു.

രണ്ടാമത്തെ കാര്യം ജോ റൂട്ടിനെ ഫലപ്രദമായി ഉപയോഗിച്ചില്ല എന്നതാണ്. രണ്ടാം ദിനം റൂട്ടിനെ ആദ്യ ഓവര്‍ മുതല്‍ സ്‌റ്റോക്‌സ് ഉപയോഗിച്ചു. ഇതിന്റെ ഫലം കിട്ടുകയും ചെയ്തു. ആദ്യ ഓവറില്‍ത്തന്നെ റൂട്ട് യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റും നേടി. എന്നാല്‍ ആദ്യ ദിനം റൂട്ടിനെ ബൗളറെന്ന നിലയില്‍ സ്റ്റോക്‌സ് കാര്യമായി പരിഗണിച്ചില്ല. അരങ്ങേറ്റ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലി തല്ലുകൊള്ളിയാവുന്നതാണ് കണ്ടത്. എന്നാല്‍ താരത്തിന് വീണ്ടും വീണ്ടും സ്‌റ്റോക്‌സ് ഓവര്‍ നല്‍കി. ഇത് യശ്വസി ജയ്‌സ്വാള്‍ മുതലാക്കുകയും ചെയ്തു. 

തുടര്‍ച്ചയായി ലൈനും ലെങ്തുമില്ലാതെ താരം പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരത് മുതലാക്കുകയും ചെയ്തു. എന്നാല്‍ ഹാര്‍ട്ട്‌ലി തല്ലുവാങ്ങുമ്പോള്‍ ബൗളറെ മാറ്റി പരീക്ഷിക്കാന്‍ സ്‌റ്റോക്‌സ് തയ്യാറായില്ല. ഇംഗ്ലണ്ട് ചെറിയ സ്‌കോറിനെ പ്രതിരോധിക്കാനാണ് ഇറങ്ങിയത്. അതുകൊണ്ടുതന്നെ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും സൂഷ്മത ഇംഗ്ലണ്ട് കാട്ടേണ്ടിയിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ സ്‌റ്റോക്‌സിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു സൂഷ്മത ഉണ്ടായില്ല.

ഫീല്‍ഡിങ്ങില്‍ ആക്രമണോത്സകത കൊണ്ടുവരാനും സ്‌റ്റോക്‌സിന് സാധിച്ചില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ നായകനെന്ന നിലയില്‍ സ്‌റ്റോക്‌സിന് സാധിക്കാതെ പോയി. സ്‌റ്റോക്‌സ് പന്തെറിയാനും തയ്യാറായില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ കൂട്ടുകെട്ട് പൊളിക്കാന്‍ ഒന്നോ രണ്ടോ ഓവറുകളെറിയാന്‍ സ്‌റ്റോക്‌സ് തയ്യാറാവണമായിരുന്നു. എന്നാല്‍ അദ്ദേഹമത് ചെയ്യാത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയും ഇന്ത്യക്ക് ഗുണകരമാവുകയും ചെയ്തു.

ഇന്ത്യ വമ്പന്‍ ലീഡുറപ്പിച്ചതിനാല്‍ തിരിച്ചുവരവ് ഇംഗ്ലണ്ടിന് പ്രയാസമാണ്. രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച് സമനിലയൊപ്പിക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുക. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ മറികടന്ന് ഇത്തരമൊരു പ്രകടനം നടത്തുക ഇംഗ്ലണ്ടിന് എളുപ്പമാവില്ല.

Share this story